CrimeNEWS

യുവതിയെ കൊലപ്പെടുത്തിയ കേസിൽ 26വർഷമായി ജയിലിൽ കഴിയുന്ന പ്രതി മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ

തൃശൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുന്ന പ്രതി ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ. ജയിൽ നിയമം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഹാജരാക്കാനും അത് കഴിഞ്ഞ് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. കൊലപാതക കേസിൽ താൻ 26വർഷമായി ജയിലാണെന്നും അതിനാൽ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച തന്റെ കാലാവധി കഴിഞ്ഞെന്നും തനിക്ക് ജയിൽ മോചനത്തിന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. തനിക്ക് ശിക്ഷ വിധിക്കുമ്പോൾ 1958 ലെ ജയിൽ നിയമമാണ് ബാധകമെന്നും അതിനാൽ ഈ നിയമം അനുസരിച്ച് ജയിൽ മോചനം നൽകണമെന്നും ഹർജിക്കാരാനായ തടവുകാരൻ ജോസഫ് ആവശ്യപ്പെട്ടു. നേരത്തെ ഇതുസംബന്ധിച്ച് 2010 ലെ സുപ്രീം കോടതി വിധി പരിഗണിക്കണമെന്ന് ഹർജിക്കാരാനായി ഹാജരായ അഭിഭാഷകൻ അഡോൾഫ് മാത്യു വാദിച്ചു.

ഒരു വ്യക്തി കുറ്റം ചെയ്യുമ്പോൾ അന്ന് നിലനിന്നിരുന്ന ജയിൽ നിയമമാണ് ബാധകമെന്നായിരുന്നു കോടതി വിധി. എന്നാൽ സംസ്ഥാന സർക്കാർ പുതിയ പ്രിസൺ ആക്ട് നടപ്പിലാക്കിയെന്നും 2014ൽ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പുറത്തിറക്കിയെന്നും കേരളം വാദിച്ചു. ഈ ചട്ടങ്ങൾ അനുസരിച്ച് പതിനാല് വർഷമായ തടവുകാരുടെ കാര്യത്തിൽ സംസ്ഥാനം സാധാരണയായി തീരുമാനം എടുക്കാറുണ്ടെന്നും കോടതിയെ അറിയിച്ചു. അതേസമയം സർക്കാരിന്‍റെ നയം അനുസരിച്ച് കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നവരെയും കൊലപ്പെടുത്തുന്നവരെയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും അടക്കം കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നവരെ ജയിൽ മോചിതരാക്കേണ്ടെന്നാണ് നയമെന്ന് സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് കോടതിയെ അറിയിച്ചു.

സമൂഹത്തിന്റെ നന്മ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സംസ്ഥാനം വ്യക്തമാക്കി. ഈക്കാര്യങ്ങൾ വ്യക്തമാക്കുന്നു ചട്ടങ്ങൾ ഇംഗ്ലീഷിലാക്കി കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് രവീന്ദ്ര ബട്ട്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസ് അടുത്ത ചൊവ്വാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

Back to top button
error: