KeralaNEWS

കറൻറ് കട്ട് വരും, രൂക്ഷമായ വേനലിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു; ഇനി ശേഷിക്കുന്നത് രണ്ട് മാസത്തെ വൈദ്യുതി ഉൽപ്പാദനത്തിനുള്ള വെള്ളം മാത്രം

ചൂട് രൂക്ഷമായതോടെ നാട്ടിലെ ജലത്രോതസ്സുകളത്രയും വറ്റി തുടങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയോളം കുറവാണിത്. നിലവിലെ അളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.24 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. എന്നാലിപ്പോഴുള്ളത് 49.50 ശതമാനത്തോളം മാത്രം. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തേണ്ടി വരും.

Signature-ad

ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്. തുലാവര്‍ഷം ചതിച്ചതാണ് ജലനിരപ്പ് വേഗത്തില്‍ കുറയാന്‍ പ്രധാന കാരണം.

നിലവില്‍ അഞ്ചു ദശലക്ഷം യൂണിറ്റോളം വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ചൂടു കൂടിയതിനാല്‍ ഉപഭോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഉല്‍പാദനം കൂട്ടിയാല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ ആശങ്ക.

കനത്ത ചൂടിൽ കേരളത്തിലെ ജലത്രോതസുകളൊക്കെ കൂടി വറ്റി തുടങ്ങിയതോടെ കർഷകരും ആശങ്കയിലായി.പകൽ സമയങ്ങളിൽ കനത്ത ചൂട് മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വരും ദിവസങ്ങളിൽ ചൂടിന്റെ ശക്തി ഇനിയും വർദ്ധിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ പലയിടത്തും കിണറുകൾ നേരത്തെ തന്നെ വറ്റി തുടങ്ങിയതും ആശങ്ക പരത്തുന്നുണ്ട്. ഇതിനിടയിലാണ് വൈദ്യുതി ക്ഷാമം എന്ന ആശങ്കയും ഉയർന്നു വരുന്നത്.

Back to top button
error: