KeralaNEWS

കടലിലെ അപകടം, രക്ഷയ്ക്കായി വടകര സ്റ്റേഷന്റെ സേവനാവശ്യങ്ങള്‍ക്ക് 12 ടണ്‍ ശേഷിയുള്ള ഒരു ഇന്റര്‍സെപ്റ്റര്‍ ബോട്ട് അനുവദിച്ചു

വടകര: കടലില്‍ അപകടപ്പെടുന്നവരുടെ രക്ഷയ്ക്കായി വടകര സ്റ്റേഷനിലെ സേവനാവശ്യങ്ങള്‍ക്ക് 12 ടണ്‍ ശേഷിയുള്ള ഒരു ഇന്റര്‍സെപ്റ്റര്‍ ബോട്ട് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ.കെ രമ എം.എല്‍.എ യുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നിലവില്‍ കേന്ദ്രമന്ത്രാലയം അനുവദിച്ചിട്ടുള്ള നാലു ബോട്ടുജെട്ടികളില്‍ വടകര ഉള്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കടലിലും മറ്റു പ്രദേശങ്ങളിലും വെഹിക്കിള്‍ പട്രോളിംഗും ബീറ്റ് പട്രോളിംഗും കാര്യക്ഷമമായി നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കടലിലകപ്പെട്ട് ജീവന്‍ പൊലിയുന്ന ദുഃഖകരമായ സംഭവങ്ങള്‍ ചില അവസരങ്ങളില്‍ ഉണ്ടാകാറുണ്ട്. കടലിലെ പ്രക്ഷുബ്ദ്ധമായ അന്തരീക്ഷങ്ങള്‍ നിലവിലുള്ള സംവിധാനങ്ങളെ മാത്രം ആശ്രയിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ചിലപ്പോള്‍ പ്രതിബന്ധമാകാറുണ്ട്. ഈ അവസരങ്ങളില്‍ അര്‍പ്പണബോധമുള്ള മീന്‍പിടുത്ത തൊഴിലാളികളുടെ സമയോചിതമായ ഇടപെടലുകളാണ് അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പലപ്പോഴും സഹായകരമാകുന്നത്.

Signature-ad

ഇത്തരം ഘട്ടങ്ങളില്‍ പരിചയസമ്പന്നരായ മീന്‍പിടുത്ത തൊഴിലാളികളുടെയും തീരദേശ പൊലീസിന്റെയും കോസ്റ്റല്‍ വാര്‍ഡന്മാരുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും അടക്കമുള്ള സേവനങ്ങള്‍ സമന്വയിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. ഏകോപിതമായ ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ സാധ്യമാക്കുന്നതിനുള്ള ഊര്‍ജിത നടപടികള്‍ സര്‍കാര്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: