CrimeNEWS

ചെന്നൈയില്‍ വന്‍കഞ്ചാവ് വേട്ട; 200 കിലോ ലഹരിയുമായി മലയാളിയും കൂട്ടാളിയും പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുന്നതിന് ആന്ധ്രാപ്രദേശില്‍നിന്നെത്തിച്ച 200 കിലോഗ്രാം കഞ്ചാവ് ചെന്നൈ പോലീസ് പിടികൂടി. മലയാളിയുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു. ഓടി രക്ഷപ്പെട്ട മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നൈ മടിപ്പാക്കത്ത് ഞായറാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ചെന്നൈ, ആദംബാക്കത്ത് താമസിക്കുന്ന ശ്രീലങ്കന്‍ പൗരന്‍ പ്രേംനാഥും(43), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അബ്ദുള്‍ റഹ്‌മാനും (28) പിടിയിലായത്.

മയക്കുമരുന്നു കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തടര്‍ന്ന് ഇവരുടെ കാര്‍ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനും ഒപ്പമുണ്ടായിരുന്ന പ്രേംനാഥും പിടിയിലായി. പ്രേംനാഥ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. മറ്റൊരു കേസില്‍ ജയിലിലായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. അബ്ദുറഹ്‌മാനെതിരേ കേരളത്തില്‍ രണ്ട് കഞ്ചാവു കേസ് നിലവിലുണ്ട്.

Signature-ad

ഇവരുടെ വണ്ടിയില്‍നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് 60 ലക്ഷം രൂപ വില മതിക്കും. വിശാഖപട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍നിന്നാണ് കഞ്ചാവ് സംഭരിച്ചത്. ചെന്നൈയ്ക്കടുത്ത് ആവഡിയിലും വെപ്പമ്പട്ടിലുമുള്ള വാടകവീടുകളിലാണ് ഇത് സൂക്ഷിച്ചിരുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുമ്പോഴാണ് പോലീസിന്റെ വലയിലായത്.

 

Back to top button
error: