KeralaNEWS

ഇ.ഡി റിപ്പോര്‍ട്ട് തെറ്റെങ്കില്‍ കോടതിയെ സമീപിക്കൂ, ഒപ്പം നില്‍ക്കാമെന്ന് കുഴല്‍നാടന്‍; ഉപദേശം വേണ്ടെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം. യുഎഇ കോണ്‍സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ ചോദിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ‘പച്ചക്കള്ളമാണ്. എന്നെ ആരും കണ്ടില്ല, സംസാരിച്ചിട്ടില്ല’ മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പടത്തില്‍നിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കി. തുടര്‍ന്ന് സഭ അല്‍പനേരത്തേക്ക് പിരിഞ്ഞു.

ലൈഫ് മിഷന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്‌ലാറ്റിന്റെ മറവില്‍ കോടികളുടെ ക്രമക്കേട് നടന്നതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതും സംബന്ധിച്ചായിരുന്നു മാത്യു കുഴല്‍നാടന്റെ അടിയന്തര പ്രമേയം. ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോണ്‍സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റില്‍ പറയുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

”പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്‍ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കില്‍ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം. സര്‍ക്കാര്‍ പല ആവര്‍ത്തി നിഷേധിച്ച കാര്യങ്ങള്‍ പുറത്തുവരികയാണ്. 2019 ജൂലൈയിലെ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോണ്‍സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയെന്ന് പറയുന്നുണ്ട്”- മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പച്ചക്കള്ളമാണ് മാത്യു കുഴല്‍നാടന്‍ പറയുന്നതെന്നും താന്‍ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി മറുപടി നല്‍കി.

റിമാന്‍ഡ് റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ പോകാന്‍ തയാറുണ്ടോയെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ”ആരോപണം നിഷേധിക്കുന്നുണ്ടോ എന്നു ചോദിച്ചു. അതിനാണ് മറുപടി പറഞ്ഞത്. ഏജന്‍സിയുടെ വക്കാലത്തുമായാണ് വന്നതെങ്കില്‍ അങ്ങനെ കാണണം. സഭയില്‍ പറയാന്‍ ആര്‍ജവമുണ്ട്. അതിനു കോടതിയില്‍ പോകേണ്ടതില്ല.”- മുഖ്യമന്ത്രി തിരിച്ചടിച്ചു. താന്‍ എഴുതിയ തിരക്കഥയല്ലെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ കോടതിയിലെ സമീപിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ”ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ട്. മാത്യു കുഴല്‍നാടന്റെ ഉപദേശം ഇപ്പോള്‍ വേണ്ട.” മുഖ്യമന്ത്രി മറുപടി നല്‍കി.

സ്വപ്നയ്ക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കര്‍ ചാറ്റില്‍ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിക്കുമോയെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. സര്‍ക്കാരിന് സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നും കാര്യങ്ങളറിയാതെയാണ് മാത്യു കുഴല്‍നാടന്‍ സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. രേഖകളുണ്ടെങ്കില്‍ മാത്യു കുഴല്‍നാടന്‍ മേശപ്പുറത്ത് വയ്ക്കണമെന്ന് നിയമന്ത്രി പി.രാജീവ് പറഞ്ഞു. രേഖകളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇഡിയുടെ വക്കീലാണെങ്കില്‍ കോടതിയില്‍ വാദിക്കണമെന്നും പി.രാജീവ് പറഞ്ഞു. റിമാന്‍ഡ് റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

3,28,315 വീടുകള്‍ ലൈഫ് പദ്ധതി വഴി പൂര്‍ത്തീകരിച്ചതായി മന്ത്രി എം.ബി.രാജേഷ് അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി പറഞ്ഞു. 13132.6 കോടി രൂപ ചെലവഴിച്ചു. പദ്ധതിയെ തകര്‍ക്കാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുന്നു. പദ്ധതിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Back to top button
error: