കൊച്ചി: ആലുവയില്‍ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനില്‍ നിന്നുള്ള വിതരണ പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടി കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡ് തകര്‍ന്നു. സമീപത്തെ കടകളിലും വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
തമ്മനം- പാലാരിവട്ടം റോഡിലെ 40 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ സമീപത്തെ റോഡുകള്‍ തകര്‍ന്നു. റോഡ് ഇടിഞ്ഞാണ് താഴ്ന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പൈപ്പ് പൂട്ടിയതോടെയാണ് വെള്ളം നിന്നത്.
എന്നാല്‍, റോഡ് തകര്‍ന്നതോടെ തമ്മനം- പാലാരിവട്ടം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. പൈപ്പ് പുനഃ സ്ഥാപിക്കാന്‍ മണിക്കൂറുകള്‍ എടുത്തേക്കും. രണ്ടു ദിവസം ജലവിതരണം തടസ്സപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗര്‍, പോണേക്കര മേഖലയിലാണ് ജലവിതരണം മുടങ്ങുക. നഗരത്തിലെ മറ്റു സ്ഥലങ്ങളില്‍ ജലവിതരണത്തിന്റെ അളവ് കുറയും.