കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ ‘കാപ്പ’ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പോലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണു നടപടിയെന്നു പോലീസ് പറഞ്ഞു. ആകാശിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 6 മാസത്തേക്ക് ആകാശിനെ കരുതൽ തടങ്കലിൽ വയ്ക്കും. ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റിലായി.
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ പരാതിയില്‍ ആകാശിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂര്‍ പോലീസും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. സ്ത്രീത്വത്തെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ചുവെന്ന കേസില്‍, ആകാശ് തില്ലങ്കേരി കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങി. ആകാശ് ഉള്‍പ്പെടെയുള്ളവര്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്.
അറസ്റ്റിന് പിന്നിൽ സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്നാണ് റിപ്പോർട്ട്. പി ജയരാജനെ വാഴ്ത്തുന്ന പിജെ ആർമ്മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പെജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ആകാശും കൂട്ടാളികളും രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു. പക്ഷെ സമൂഹമാധ്യമങ്ങളിൽ സിപിഎം പ്രചാരകരായി തുടരുകയായിരുന്നു സംഘം.