KeralaNEWS

കുട്ടികളുടെ നഗ്നവിഡിയോ, 64 സ്ഥലങ്ങളിൽ റെയ്ഡ്: 142 കേസുകൾ,13 പേർ അറസ്റ്റിൽ,  മൊബൈൽ-  കമ്പ്യൂട്ടറുകള്‍ ഉൾപ്പടെ 270 ഉപകരണങ്ങൾ പിടിച്ചെടുത്തു

 കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പൊലീസ്. അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്‌ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡില്‍ പിടിയിലായത് ഐ.ടി മേഖലയിലടക്കം ജോലി ചെയ്യുന്ന ഉയര്‍ന്ന പ്രൊഫഷണലുകളാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച മാത്രം സംസ്ഥാനത്തൊട്ടാകെ 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി 270 ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കുട്ടികളെ ലൈംഗികാവശ്യത്തിന് കടത്തുന്നതായും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ഉപകരണങ്ങളിലെ സന്ദേശങ്ങളില്‍ നിന്നാണ് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും എന്‍ക്രിപ്റ്റ് ചെയ്ത ഹാന്‍ഡിലുകളാണ് സംഘം ഉപയോഗിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മറ്റ് വ്യക്തികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. ഈ റാക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികള്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും പൊലീസ് അറിയിച്ചു.

Signature-ad

സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. കുട്ടികളുടെ അശ്ലീല വിഡിയോ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകൾ സ്ഥിരമായി സന്ദർശിക്കുകയും ഇവ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരുടെ വിശദാംശങ്ങൾ സൈബർ ഡോം ജില്ലാ പൊലീസിനു കൈമാറിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ഇവ പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ഒട്ടേറെ കുട്ടികളും ഉൾപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

 കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏതെങ്കിലും സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ വിവരം ലഭിച്ചാല്‍ സിസിഎസ്ഇ, സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവരെ വിവരം അറിയിക്കണമെന്ന് സൈബര്‍ ഡോം ഐ.ജി പി പ്രകാശ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ ചിത്രങ്ങളോ കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

Back to top button
error: