ബെംഗളുരു: കർണാടക കോൺഗ്രസിലെ പോരിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ. തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. പക്ഷേ അതിന്റെ പേരിൽ തമ്മിൽ തല്ലാനില്ല. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിൽ മുഖ്യമന്ത്രി പദവിക്ക് വേണ്ടി തമ്മിൽ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു.
അമിത് ഷാ ആദ്യം സ്വന്തം പാർട്ടിയിലെ നേതൃപ്രശ്നം തീർക്കട്ടെയെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. നേതാവ് ആരെന്ന ആശയക്കുഴപ്പം ബിജെപിയിലാണെന്നും ശിവകുമാർ പറഞ്ഞു. രാമക്ഷേത്ര പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച ശിവകുമാർ ബജറ്റിൽ ആരെങ്കിലും ക്ഷേത്രം പണിയും എന്ന് പ്രഖ്യാപിക്കുമോ എന്ന് ചോദിച്ചു. ബജറ്റ്, വികസന പദ്ധതികൾക്ക് വേണ്ടിയുള്ളതാകണം. അമ്പലവും പള്ളിയും പണിയും എന്ന് പ്രഖ്യാപിക്കുന്നത് ലജ്ജാകരമെന്നും ശിവകുമാർ വിമർശിച്ചു. രാമനഗരയിലെ രാമദേവര ഹിൽസിൽ രാമക്ഷേത്രം പണിയുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനം നടത്തിയിരുന്നു.