ഇടുക്കി: വീട്ടുകാർ തീർത്ഥാടനത്തിന് പോയ സമയത്ത് വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. വാത്തിക്കൂടി പഞ്ചായത്തിലെ രാജമുടി പതിനേഴുകമ്പനി മണലേൽ അനിൽ കുമാറിനെ മുരിക്കാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടുടമസ്ഥന്‍റെ ഇളയ സഹോദരനാണ്. വീട്ടിൽ മോഷണം നടന്നതായി സഹോദരനായ വിശ്വനാഥനെ വിളിച്ച് അറിയിച്ചതും അനിൽ കുമാറാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടിൽ മോഷണം നടന്നതായി സഹോദരൻ മണലേൽ അനിൽകുമാർ മണലേൽ വിശ്വനാഥനെ വിളിച്ചറിയിക്കുന്നത്. തുടർന്ന് കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്ന വിശ്വനാഥൻ, വീട്ടിലേക്ക് തിരികെ മടങ്ങും വഴി മരിക്കുകയായിരുന്നു. മോഷണ വിവരം പൊലീസിലും നാട്ടുകാരെയും അറിയിക്കാൻ മുൻപന്തിയിൽ നിന്നതും അനിൽകുമാർ തന്നെയായിരുന്നു. എന്നാൽ, മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ പൊലീസ് ഇന്നലെയാണ് പരിശോധന നടത്തിയത്.
വീട്ടുകാരെ കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമാണ് മോഷണം നടത്തിയതെന്ന് ഉറപ്പിച്ച് തന്നെ പൊലീസ് അന്വേഷണം മുന്നോട്ട് പോയത്. വീടിന്‍റെ മുൻവശത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. രണ്ട് പ്ലാസ്റ്റിക്ക് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോ കുരുമുളകു മോഷണം നടത്തി തോപ്രാംകുടിയിലെ വ്യാപാര സ്ഥാപനത്തിൽ വിറ്റത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിനുള്ളിൽ കടന്ന അനിൽകുമാർ അലമാരയിലും മേശയിലും പരിശോധന നടത്തി വസ്ത്രങ്ങൾ വാരിവലിച്ചിട്ടിരുന്നു.
ഇടുക്കിയിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയതോടെ അനില്‍കുമാറിന്‍റെ പദ്ധതികളെല്ലാം പൊളിഞ്ഞു. മണം പിടിച്ച് ഡോഗ് അനിൽ കുമാറിന്‍റെ വീടു വരെയെത്തി നിന്നതോടെ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി. വിശ്വനാഥന്‍റെ വീടിന് സമീപത്ത് തന്നെയാണ് അനില്‍ കുമാറിന്‍റെ താമസം. ഇയാള്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം, ഭാര്യ വിദേശത്താണ് . അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുരിക്കാശേരി എസ് ഐ റോയി എൻ എസ്, എസ് ഐ സാബു തോമസ് എസ് സി പി ഒമാരായ അഷറഫ് കാസിം, അഷറഫ് ഇ കെ, സി പി ഒ ജയേഷ് ഗോപി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.