CrimeNEWS

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

അടിമാലി: ആദിവാസി യുവാവിനെ മര്‍ദിച്ച സംഭവത്തിലെ പ്രതി അടിമാലി സ്വദേശി ജസ്റ്റിന്‍ പിടിയില്‍. മര്‍ദ്ദനമേറ്റ കഞ്ഞിക്കുഴി സ്വദേശി വിനീതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജസ്റ്റിനും കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ക്കും എതിരെയാണ് കേസ്. എസ്സി/എസ്ടി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഉല്‍സവപ്പറമ്പില്‍ സംഘര്‍ഷമുണ്ടാക്കിയ കേസില്‍ ജസ്റ്റിന്‍ ജയില്‍മോചിതനായത് ഇന്നലെയാണ്.

ഈ മാസം 17 ന് അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. ഒരു കാര്‍ കലാപരിപാടി നടക്കുന്ന സ്റ്റേജിന് സമീപത്തെ റോഡിലൂടെ വന്നതും തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റവും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ബുധനാഴ്ച്ച ഉച്ചയോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അതേസമയം, ഇത്തരം സംഭവങ്ങളില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാം എന്നിരിക്കെ നടപടി വൈകിപ്പിച്ചതില്‍ വിമര്‍ശനം ശക്തമാണ്. സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പോലീസിന്റെ മറുപടി. എന്നാല്‍, പോലീസിന്റെ വാദം തെറ്റാണെന്നു തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. സംഭവം നടക്കുന്ന സമയത്ത് സ്ഥലത്ത് പോലീസിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. കേസില്‍ എസ്സി/എസ്ടി കമ്മിഷന്‍ കൂടി ഇടപെട്ടതോടെയാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്തത്.

Back to top button
error: