KeralaLIFENEWSTravel

ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന് പുതിയ മുഖം നൽകാൻ പദ്ധതി

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേർന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളിൽ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുക.
ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സൺ ബാത്ത് പാർക്ക് നവീകരണം, കോർപ്പറേഷൻ ഭൂമി വികസനം, കോർപ്പറേഷൻ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐ.ബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ വികസനം, ഐ.ബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിർത്തി നിർണയം, തെങ്ങിൻ തോട്ടഭൂമി ഏറ്റെടുക്കൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടക്കുക.
ഐ.ബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതൽ വികസനം, തെങ്ങിൻ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമർപ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായി വാപ്‌കോസിനെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നൽകി.

Back to top button
error: