തിരുവനന്തപുരത്ത് നിന്ന് ഇസ്രയേലിലേയ്ക്ക് പോയ 26 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘത്തിലെ ആറുപേർ മുങ്ങി എന്ന പരാതിയുമായി നാലാഞ്ചിറയിലുള്ള ഫാ. ജോർജ് ജോഷ്വ. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു.
ഫെബ്രുവരി 8 നാണ് തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴി ഈ സംഘം കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കാണ് പുറപ്പെട്ടത്. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചു. 26 അംഗ സംഘത്തിലെ രാജു തോമസ്, ഷൈനി രാജു, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രയേലിൽവച്ച് അപ്രത്യക്ഷരായി. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറുപേരും മുങ്ങിയത്.
ഈ സംഭവത്തിനു പിന്നിൽ വൻ ഗൂഢസംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയത്. പാസ്പോർട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറു പേരും പോയത്. അക്കൂട്ടത്തിൽ 69 വയസ്സുള്ള അമ്മമാർ പോലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഞാൻ 2006 മുതൽ വിശുദ്ധ നാടു സന്ദർശനത്തിനു നേതൃത്വം നൽകുന്നതാണ്. പൂർണമായും ആത്മീയ തലത്തിൽ നടത്തുന്നൊരു യാത്രയാണിത്. ഇത്ര കാലത്തിനിടെ ഇങ്ങനൊരു സംഭവമുണ്ടാകുന്നത് ആദ്യമാണ്. ഇവരെ കാണാതായ അന്നു തന്നെ ഞാൻ അവിടുത്തെ ഇമിഗ്രേഷൻ പൊലീസിനെ ഇ മെയിലിൽ വിവരമറിയിച്ചിരുന്നു. മറുപടി ലഭിക്കാത്തതുകൊണ്ട് പിന്നീട് ലോക്കൽ പൊലീസിനെയും അറിയിച്ചു. അവർ അപ്പോൾത്തന്നെ വന്ന് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി’’
ഫാ. ജോർജ് ജോഷ്വ വിശദീകരിച്ചു.
‘’യാത്രയ്ക്കു ശേഷം 19–ാം തീയതി വൈകിട്ടാണ് തിരിച്ചെത്തിയത്. 21–ാം തീയതി തന്നെ ഡിജിപിക്ക് പരാതി നൽകി. ഈ കേസിന്റെ കാര്യം പ്രത്യേക ടീമിനെ ഏൽപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.’’
അദ്ദേഹം പറയുന്നു:
‘‘ആദ്യമേ ഇവരെ കാണാനില്ലെന്ന ധാരണയിലാണ് ഞങ്ങൾ പരാതി നൽകിയത്. പക്ഷേ, മനഃപൂർവം പോയതാണെന്ന് ഇപ്പോൾ ഉറപ്പായി. തീര്‍ത്ഥാടന യാത്രകൾക്ക് വീസ പോലുമില്ല. ഏതാനും ദിവസത്തേക്ക് അവിടെ പോയി വരാനുള്ള പെർമിറ്റ് മാത്രമാണ് കിട്ടുന്നത്. സർക്കാർ അയച്ച സംഘത്തിലുള്ളവർക്ക് വീസയുണ്ട്. മുങ്ങിയ 6പേരിൽ 69 വയസ്സുള്ള അമ്മമാർ വരെയുണ്ട്. ഇവരൊക്കെ അവിടെ എന്തു ജോലി ചെയ്യുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും അവിടം പരിചയമുള്ള ആൾക്കാരുടെ പിന്തുണയില്ലാതെ ഇങ്ങനെ മുങ്ങാൻ സാധിക്കില്ല.’’
ഫാ.ജോർജ് ജോഷ്വ ചൂണ്ടിക്കാട്ടി
ഇതിനിടെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്ന് ഇസ്രയേലിലെത്തി മുങ്ങിയ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം ബിജു കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടർച്ചയായി ഫോണിൽ വിളിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല. സന്ദേശങ്ങൾക്കും മറുപടിയില്ല.
അവസാനമായി ബിജു ഓൺലൈനിൽ ഉണ്ടായിരുന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്ന് സഹേദരൻ ബെന്നി പറഞ്ഞു. ഇസ്രയേലിൽ പോയാൽ തിരിച്ചു വരില്ലെന്നോ അവിടെ തുടരാൻ പദ്ധതിയുണ്ടെന്നോ ബിജു കുടുംബാംഗങ്ങളോടു പോലും പറഞ്ഞിരുന്നില്ലത്രേ. താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജു 16നു ഭാര്യയ്ക്കു വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നു. പിന്നീടു ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ബിജുവിന്റെ കൈവശമുള്ള ബാഗിൽ പാസ്പോർട്ട് കണ്ടെന്നു സംഘത്തിലുള്ളവർ അറിയിച്ചു. വിമാനടിക്കറ്റിനുള്ള പണം ബിജു നൽകിയിരുന്നുവെങ്കിലും വീസ സർക്കാരാണ് നൽകിയത്.
വീസ റദ്ദാക്കി തിരിച്ചയയ്ക്കണമെന്ന് സർക്കാർ
അതിനിടെ, ബിജു കുര്യന്റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് സംസ്ഥാന സർക്കാർ കത്തയച്ചു. വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണം എന്നാണ് ആവശ്യം. മേയ് 8 വരെയാണ് ബിജുവിന്റെ വീസയുടെ കാലാവധി. ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കും ബെംഗളൂരുവിലെ ഇസ്രയേൽ കോൺസുലേറ്റിനും കത്തയച്ചിട്ടുണ്ട്. വീസ കാലാവധി അവസാനിക്കുന്നതു വരെ കാത്തിരിക്കരുതെന്നും എത്രയും വേഗം റദ്ദാക്കി ബിജുവിനെ നാട്ടിലേക്ക് അയയ്ക്കണമെന്നുമാണ് കത്തിലെ ആവശ്യം.
ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് അപ്പോൾ തന്നെ എംബസിയെ വിവരം അറിയിച്ചു. തിരച്ചിൽ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേൽ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.
യാത്രയുടെ തുടക്കം മുതൽ ബിജു സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നു. ബിജു കുര്യൻ ആസൂത്രിതമായി മുങ്ങിയെന്നാണ് അധികൃതരുടെ നിഗമനം.
രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ ബിജുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. വ്യക്തമായി ആസൂത്രണം ചെയ്താണ് ബിജു കുര്യന് സംഘത്തില്‍ നിന്ന് മുങ്ങിയതെന്ന് സഹയാത്രികര്‍ പറയുന്നു.
ഇസ്രായേലിലേക്ക് പോയ കര്ഷകന് മുങ്ങിയതിന് പിന്നില്‍ ചില സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്ന സംശയം കൃഷി മന്ത്രി പി പ്രസാദും ഉന്നയിച്ചു. വഞ്ചനയാണ് ബിജു കുര്യന് ചെയ്തത്. ബിജു കുര്യന് മുങ്ങിയത് ബോധപൂര്‍വമാണ്. ഇത് സര്‍ക്കാരിന് ലാഘവത്തോടെ കാണാനാവില്ല.
”ഇസ്രയേലില്‍ ശുചീകരണജോലി ചെയ്താല്‍ത്തന്നെ ദിവസം 15,000 രൂപകിട്ടും. കൃഷിമേഖലയിലും ഇരട്ടിയാണ് വേതനം. ഇതെല്ലാമറിഞ്ഞ് കൃത്യമായി ആസൂത്രണംചെയ്ത് ബിജു കുര്യന് പോയതാണ്” സഹയാത്രികനായ സുജിത് പറയുന്നു.