IndiaNEWS

സിസോദിയയ്ക്കും പാര്‍ട്ടിക്കും ‘ആപ്പാ’യി പ്രോസിക്യൂഷന്‍ അനുമതി; ഫോണ്‍ ചോര്‍ത്തല്‍ വിവാദം തിരിച്ചടിയാകുന്നു

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് സിസോദിയയ്ക്കും എഎപിക്കും തിരിച്ചടിയായി പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഫോണ്‍ ചോര്‍ത്തലില്‍ സിബിഐ നല്‍കിയ അപേക്ഷ അംഗീകരിച്ച ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേന, അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്കായി അയച്ചു നല്‍കുകയായിരുന്നു.

ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ച ഫീഡ്ബാക് യൂണിറ്റിന്റെ (എഫ്ബിയു) പ്രവര്‍ത്തനം സംബന്ധിച്ച് സിസോദിയയ്‌ക്കെതിരെ കേസെടുക്കണമെന്നായിരുന്നു സിബിഐ ശുപാര്‍ശ. രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ എഫ്ബിയു രഹസ്യമായി ശേഖരിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് യൂണിറ്റ് രൂപീകരിക്കുന്നതിനു മേല്‍നോട്ടം വഹിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ കേസെടുക്കണമെന്ന് ലഫ്. ഗവര്‍ണറോട് സിബിഐ ശുപാര്‍ശ ചെയ്തത്.

Signature-ad

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനെന്ന പേരില്‍ 2016ല്‍ രൂപീകരിച്ച എഫ്ബിയു രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് രഹസ്യമായി പ്രവര്‍ത്തിച്ചതെന്നാണ് സിബിഐ ആരോപിക്കുന്നത്. തുടക്കത്തില്‍ ഒരു കോടി രൂപ എഫ്ബിയുവിന്റെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകളുണ്ടെന്ന സംസ്ഥാന വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എഫ്ബിയുവിനെ രാഷ്ട്രീയ ഉപകരണമാക്കിയെന്ന സിബിഐയുടെ പ്രാഥമിക വിലയിരുത്തല്‍ ഭരണകക്ഷിയായ എഎപിക്കു തിരിച്ചടിയായി.

 

 

 

Back to top button
error: