IndiaNEWS

ഒരു മാസത്തിനിടെ മരിച്ചത് അഞ്ച് ജീവനക്കാര്‍; സര്‍വകലാശാലയില്‍ ഹോമം നടത്താനൊരുങ്ങി വി.സി

അനന്തപുര്‍: ജീവനക്കാരുടെ അടുപ്പിച്ചുള്ള മരണത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ ഹോമം നടത്താനൊരുങ്ങി വൈസ് ചാന്‍സലര്‍. ആന്ധ്രാപ്രദേശിലെ അനന്ത്പുരില്‍ ശ്രീ കൃഷ്ണദേവരായ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. രാമകൃഷ്ണ റെഡ്ഡിയാണ് ഉത്തരവിറക്കിയത്. ഫെബ്രുവരി 24ന് കാമ്പസില്‍ ശ്രീ ധന്വന്തരി മഹാ മൃത്യുഞ്ജയ ശാന്തി ഹോമം നടത്താനാണ് വി.സിയുടെ തീരുമാനം.

ഹോമം നടത്താന്‍ ജീവനക്കാര്‍ സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് വി.സി സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. അധ്യാപക ജീവനക്കാര്‍ 500 രൂപയും അനധ്യാപക ജീവനക്കാര്‍ 100 രൂപയും നല്‍കണമെന്നാണ് നിര്‍ദേശം.

Signature-ad

ജീവനക്കാര്‍ പണം തന്നില്ലെങ്കില്‍ തന്റെ പണം ഉപയോഗിച്ച് ഹോമം നടത്തുമെന്ന് വി.സി പറഞ്ഞു. ”ഒരു മാസത്തിനുള്ളില്‍ സര്‍വകലാശാലയിലെ അഞ്ച് അധ്യാപക, അനധ്യാപക ജീവനക്കാരാണ് മരിച്ചത്. പെട്ടെന്നുള്ള മരണങ്ങള്‍ മറ്റുള്ള ജീവനക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്. ചില ജ്ഞാനികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് എന്റെ സ്വന്തം പണം ഉപയോഗിച്ച് ഹോമം നടത്താനാണ് തീരുമാനിച്ചത്. ചില അനധ്യാപക ജീവനക്കാര്‍ സഹായിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്”-വി.സി പറഞ്ഞു.

ഹോമം നടത്തുന്നതിനെതിരേ പ്രതിഷേധവുമായി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ സര്‍വകലാശാലയുടെ പ്രധാന കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചു. സര്‍വകലാശാല ഹോമം പോലുള്ള മതപരമായ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഇടമല്ലെന്നും അത് ആളുകള്‍ക്ക് അറിവ് പകരുന്നതിന് വേണ്ടിയുള്ള ഇടമാണെന്ന് വി.സി മനസിലാക്കണമെന്നും എ.ഐ.എസ്.എഫ് ജനറല്‍ സെക്രട്ടറി ചിരഞ്ജീവി പറഞ്ഞു.

Back to top button
error: