CrimeNEWS

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീ കത്തിയ ശേഷം ആശ്രമത്തില്‍ കണ്ടെത്തിയ റീത്ത് തയാറാക്കിയത് കൃഷ്ണകുമാര്‍ ആണെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.

ആശ്രമത്തിനു തീയിട്ടത്, ആത്മഹത്യ ചെയ്ത പ്രകാശ് ആണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് ഉറച്ചുനില്‍ക്കുകയാണ്. പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്നു കൃഷ്ണകുമാര്‍. ‘പരേതനെ’ പ്രതിയാക്കി, ആശ്രമം കത്തിച്ച കേസ് ‘തെളിയിച്ച’ ക്രൈംബ്രാഞ്ച് സംഘത്തിനു തിരിച്ചടി നല്‍കി മുഖ്യസാക്ഷി പ്രശാന്ത് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി മാറ്റിയിരുന്നു. സഹോദരന്‍ പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നു പ്രശാന്ത് മൊഴി നല്‍കിയെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചത്.

Signature-ad

പ്രകാശ് ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പു ഇക്കാര്യം വെളിപ്പെടുത്തി എന്നുമായിരുന്നു ആദ്യ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍, ആശ്രമം കത്തിച്ച കേസില്‍ പ്രകാശിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. എന്നാല്‍ തന്റെ ആദ്യ മൊഴി ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചു പറയിപ്പിച്ചതെന്നാണു പ്രശാന്ത് മജിസ്‌ട്രേട്ടിനു മുന്‍പാകെ മൊഴി നല്‍കിയത്. തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. 2018ലാണ് ആശ്രമത്തിനു മുന്നിലുള്ള വാഹനവും മറ്റും കത്തിച്ച നിലയില്‍ കണ്ടത്. കുണ്ടമണ്‍കടവ് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്.

Back to top button
error: