LIFEMovie

കാർത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’, അജയ് ദേവഗണിൻറെ ‘ഭോലാ’ ആകുമ്പോൾ വരുന്നത് വലിയ മാറ്റം!

മുംബൈ: കാർത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തുന്നു എന്ന വാർത്ത ആകാംക്ഷയോടെയാണ് സിനിമ ലോകം കേട്ടത്. ലോകേഷ് കനകരാജ് സംവിധാനത്തിൽ ദക്ഷിണേന്ത്യയിൽ വൻ ഹിറ്റായ ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ അജയ് ദേവ്‍ഗൺ ആണ് നായകൻ’. അജയ് ദേവ്‍ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഭോലാ’ എന്നാണ് ചിത്രത്തിൻറെ പേര്. അജയ് ദേവ്‍ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്‍ഗൺ സംവിധാനം നിർവ്വഹിച്ച മറ്റു ചിത്രങ്ങൾ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ഇന്ന് ഇറങ്ങിയതോടെയാണ് കൈതിയിൽ നിന്നും ബോളിവുഡിൽ എത്തുമ്പോൾ ചിത്രത്തിന് വന്ന വലിയ മാറ്റങ്ങൾ ചർച്ചയാകുന്നത്.

‘നസർ ലഗ് ജായേഗി’ എന്ന ‘ഭോലാ’യിലെ ഗാനത്തിൻറെ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയത്.ഗാനങ്ങൾ ഇല്ലാതെ എന്നാൽ പഴയ സിനിമ ഗാനങ്ങളെ ഉപയോഗിച്ചാണ് ലോകേഷ് കൈതിയുടെ കഥ പറഞ്ഞതെങ്കിൽ ആ രീതി അജയ് ദേവഗൺ ഉപയോഗിക്കുന്നില്ലെന്ന് പുതിയ ഗാനം ഇറങ്ങിയതോടെ വ്യക്തമായി. മലയാളി താരം അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റമാണ് ‘ഭോലാ’ യിലൂടെ. എന്നാൽ ലോകേഷ് കനകരാജിൻറെ കൈതിയിൽ നിന്നും അജയ് ദേവഗൺ സംവിധാനത്തിൽ ‘ഭോലാ’ എത്തുമ്പോൾ പുതിയൊരു റൊമാൻറിക് ട്രാക്ക് ചിത്രത്തിൽ കൂട്ടിച്ചേർക്കുകയാണ് എന്നതാണ് ഗാനം വെളിവാക്കുന്നത്. അതായത് കൈതിയിൽ ഒറ്റ സീനിൽ കാർത്തിയുടെ കഥാപാത്രം പരാമർശിക്കുന്ന ഒരു റൊമാൻറിക് ട്രാക്ക് വിശദമായി കാണിക്കാനാണ് അജയ് ദേവ്‍ഗൺ ഒരുങ്ങുന്നത് എന്ന് വ്യക്തം.

Signature-ad

നേരത്തെ ‘ഭോലാ’യുടെ ടീസർ ഇറങ്ങിയപ്പോൾ തന്നെ കൈതിയിൽ നിന്നും വലിയ മാറ്റങ്ങൾ ഉണ്ടെന്ന് ആരാധകർ കണ്ടെത്തിയിരുന്നു. ഒറിജിനൽ തമിഴ് പടത്തിൽ ഇൻസ്പെക്ടറായി നരെയ്ൻ ആണെങ്കിൽ ഹിന്ദിയിൽ ആ റോളിൽ തബുവാണ് എത്തുന്നത്. ദൃശ്യം 2 ന് ശേഷം തബു അജയ് ദേവ്‍ഗണിനൊപ്പം പ്രധാന റോളിൽ എത്തുന്ന ചിത്രമാണ് ‘ഭോലാ’. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

‘ദൃശ്യം 2’വാണ് അജയ് ദേവ്‍ഗൺ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിൻറെ മോഹൻലാൽ ചിത്രം ‘ദൃശ്യം 2’ൻറെ ഒഫിഷ്യൽ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. ഈ ചിത്രത്തിലും മലയാളത്തിലെ ഒറിജിനൽ പടത്തിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അക്ഷയ് ഖന്നയുടെ വേഷത്തിലും, മലയാളത്തിലെ ചില സീനുകൾ ഒഴിവാക്കിയും മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത് കൂടാതെ മലയാളത്തിൽ ദൃശ്യം ആദ്യഭാഗത്തെ പ്രധാന കഥാപാത്രമായിരുന്നു ഷാജോൺ അവതരിപ്പിച്ച കോൺസ്റ്റബിൾ സഹദേവൻ. എന്നാൽ ഈ കഥാപാത്രം ജീത്തു ജോസഫിൻറെ ദൃശ്യം 2വിൽ ഇല്ല. എന്നാൽ ഹിന്ദിയിലെ ദൃശ്യം 2വിൽ ഈ കഥാപാത്രത്തെ വീണ്ടും എത്തിച്ചു.

അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂഷൻ കുമാർ, കുമാർ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരൺ, ഇഷിദ ദത്ത, മൃണാൾ ജാധവ്, രജത് കപൂർ, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചു. ‘ദൃശ്യം’ ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്‍ഗൺ തന്നെയായിരുന്നു നായകൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: