KeralaNEWS

കുതിരവട്ടത്തുനിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി; പിടികൂടിയത് സമീപത്തെ കിണറ്റില്‍നിന്ന്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ അന്തേവാസിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. പുരുഷന്മാരുടെ വാര്‍ഡില്‍നിന്നാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ ഭക്ഷണം നല്‍കാന്‍ വാതില്‍ തുറന്ന അവസരത്തില്‍ അടുത്തുണ്ടായിരുന്ന അമ്മയെയും നഴ്‌സിനെയും തട്ടിമാറ്റി യുവാവ് രക്ഷപ്പെട്ടത്. പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലെ കിണറ്റില്‍ ചാടിയ ഇയാളെ ഒരു മണിക്കൂറിനുള്ളില്‍ സുരക്ഷാജീവനക്കാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരികെ ആശുപത്രിയിലെത്തിച്ചു. പരിക്കില്ല.

ആശുപത്രി വളപ്പിനകത്തുകൂടെ പുറത്തേക്ക് ഓടിയ യുവാവിനുപിറകെ സുരക്ഷാജീവനക്കാര്‍ ഓടിയെങ്കിലും കുതിരവട്ടം പപ്പു റോഡിലെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ബൈപ്പാസിലൂടെ ഓടിയ ഇയാളെ ബൈക്കില്‍ സുരക്ഷാജീവനക്കാര്‍ പിന്തുടര്‍ന്നു. പോലീസും പിന്തുടര്‍ന്നതോടെ അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാജീവനക്കാരായ ടി.കെ. രമേശും ടി. ഷിജിത്തും ചേര്‍ന്ന് രക്ഷപ്പെടുത്തി പോലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ തിരികെയെത്തിക്കുകയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിനെ കൂട്ടിരിപ്പുകാരുള്ള വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെനിന്ന് അന്തേവാസി ചാടിപ്പോകുന്നത്. 12 ന് കൊലക്കേസ് പ്രതിയായ അന്തേവാസി ബിഹാര്‍ വൈശാലി ജില്ലാ സ്വദേശിനി പൂനംദേവി ചാടിപ്പോയിരുന്നു. ഇവരെ പിന്നീട് വേങ്ങരയില്‍നിന്ന് പോലീസ് പിടികൂടി.

Back to top button
error: