വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ നാട്ടുകാർക്ക് മിഠായിയും ലഡ്ഡുവും മറ്റ് മധുര പലഹാരങ്ങളുമൊക്കെ കൊടുക്കുന്നതു സാധാരണമാണ്. ഒരു വൈവിദ്ധ്യം വേണ്ടേ എന്നു ചിന്തിച്ചതു കൊണ്ടാവാം, ഗുജറാത്തിൽ അനന്തരവന്‍റെ കല്യാണത്തിന് അമ്മാവൻ നോട്ട് മഴ പെയ്യിച്ചു. 500ന്‍റെയും 200ന്‍റെയും നോട്ടുകൾ ആൾക്കൂട്ടത്തിനിടയിലേക്കു ഇടതടവില്ലാതെ പറന്നിറങ്ങുന്നതും, അതിനായി നാട്ടുകാർ തിക്കി തിരക്കുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നു.
മെഹ്സാന ജില്ലയിലെ അഗോൾ എന്ന ഗ്രാമത്തിലാണു സംഭവം. ഈ പ്രദേശത്തെ മുൻ പഞ്ചായത്ത് പ്രസിഡന്‍റായ കരീം യാദവാണു കല്യാണത്തിന് ഈ അമിതാവേശം നടത്തിയത്. അനന്തരവൻ റസാഖിന്‍റെ വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ വീടിന്‍റെ ടെറസിനു മുകളിൽ നിന്നും നോട്ടുകൾ വാരിവിതറി. ചില ബന്ധുക്കളും കരീമിനു കൂട്ടായി 500 രൂപ നോട്ടുകൾ താഴേക്കു വിതറി കൊണ്ടേയിരുന്നു. തിക്കിലും തിരക്കിലും പെട്ട് നോട്ടുകൾ കൈവശപ്പെടുത്താനായി ആളുകൾ മറിഞ്ഞു വീഴുന്നതും കാണാമായിരുന്നു.