കോഴിക്കോട്: പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ കൗമാരക്കാരനെ പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി. താമരശേരി തച്ചംപൊയില്‍ ജുമാഅത്ത് പള്ളിയില്‍ നിന്നു എണ്ണായിരത്തോളം രൂപ മോഷ്ടിച്ച പതിനേഴുകാരനെയാണ് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞ് പിടികൂടിയത്. കറങ്ങാനായി വാങ്ങി തകരാറിലായ സുഹൃത്തിന്റെ കാര്‍ നന്നാക്കുന്നതിനു വേണ്ടിയാണ് പണം മോഷ്ടിച്ചതെന്നാണ് പിടിയിലായ വിദ്യാര്‍ഥി പറയുന്നത്.
നഷ്ടപ്പെട്ട പണം കണ്ടെത്തുകയും പ്രദേശത്തെ പൗരപ്രമുഖര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ കുട്ടിയുടെ ഭാവി കണക്കിലെടുത്ത് തത്കാലം നിയമനടപടി വേണ്ടെന്നാണ് പള്ളിക്കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കൗമാരക്കാരന്‍ മോഷണം നടത്തിയത്. ബൈക്കില്‍ പള്ളിയിലെത്തി കുട്ടി ഇമാമിന്റെ മുറിയില്‍ കയറിയാണ് പണം എടുത്തത്.
പള്ളിയിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം കൈവശപ്പെടുത്തിയ ശേഷം മുകള്‍നിലയിലെ ഇമാമിന്റെ മുറി തുറക്കുകയും മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയുമായിരുന്നു. പണം എടുത്തശേഷം ബൈക്കുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുറിയിലെത്തിയ ഇമാം സാധങ്ങള്‍ സ്ഥാനം മാറിയതു കണ്ടു പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയികുന്നത്. കുട്ടിയുടെ ദൃശ്യങ്ങള്‍ ഇവിടുത്തെ സിസി ടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ഇതുപ്രകാരം പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ അന്വേഷണം നടത്തുകയും ഉച്ചയോടെ വിദ്യാര്‍ഥിയെ കണ്ടെത്തുകയുമായിരുന്നു.