കണ്ണൂർ: സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കുമെതിരേ ആകാശ് തില്ലങ്കേരിയും സംഘവും പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ തില്ലങ്കേരിയിൽ പാർട്ടിയുടെ വിശദീകരണ യോഗം ഇന്ന് നടക്കും. ഫേസ്ബുക്കിലെ പി.ജെ. ആർമി ഗ്രൂപ്പിന്റെ അഡ്മിൻ കൂടിയായ ആകാശിനെ തള്ളിപ്പറയാനും ഒതുക്കാനും സംസ്ഥാന സമിതിയംഗം പി. ജയരാജനെത്തന്നെയാണ് സി.പി.എം. ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നു നടക്കുന്ന യോഗത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും സിപിഎം അനുഭാവികളും പങ്കെടുക്കും.
ആകാശിന്റെയും കൂട്ടരുടെയും പ്രിയ നേതാവായ പി ജയരാജൻ ഇതു വേദിയിൽ എങ്ങനെ അവതരിപ്പിക്കും എന്നതാണ് അറിയാനുള്ളത്. ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും പി ജയരാജൻ പേരെടുത്തു പറഞ്ഞ് തള്ളിപ്പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയപ്രതിരോധ ജാഥ കണ്ണൂരിൽ എത്തുന്നതിന് മുമ്പ് പ്രശ്‌നം അവസാനിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും തള്ളിപ്പറയാനായി പി ജയരാജനെ തന്നെ രംഗത്തിറക്കുന്നതിന് പിന്നിൽ ഇ പി ജയരാജനും സംഘവും ആണെന്നും സിപിഎമ്മിനുള്ളിൽ ചർച്ചയുണ്ട്. പി ജയരാജന്റെ ക്വട്ടേഷൻ ബന്ധം സജീവ ചർച്ചയാക്കാനാണ് നീക്കം. ആകാശിനെ പി ജയരാജൻ തന്നെ തള്ളിപ്പറയണമെന്ന് ഇവരാണ് വാദിച്ചത്. റിസോർട്ട് വിവാദം പി ജയരാജൻ പാർട്ടിയിൽ ഉന്നയിച്ചതാണ് പ്രകോപനമെന്നും പി ജയരാജൻ അനുകൂലികൾ പറയുന്നു.