KeralaNEWS

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കാന്‍ സി.പി.എം; പി. ജയരാജനെ ഇറക്കി വിവാദം ഒതുക്കാന്‍ നീക്കം

കണ്ണൂര്‍: പാര്‍ട്ടിയെ വെട്ടിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദം തണുപ്പിക്കാന്‍ സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജനെ രംഗത്തിറക്കുന്നു. തില്ലങ്കേരിമാരെ ഒതുക്കിനിര്‍ത്തി വിവാദം അവസാനിപ്പിക്കാന്‍ പി.ജയരാജന്‍ തന്നെ വേണമെന്നു മനസ്സിലാക്കിയാണു തീരുമാനം. പി.ജയരാജന്റെ തണലില്‍ വളര്‍ന്നവരാണ് തില്ലങ്കേരിയില്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണ യോഗത്തില്‍ പി.ജയരാജന്‍ പങ്കെടുക്കണമെന്നു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്.

തില്ലങ്കേരിയില്‍ ഇന്ന് വൈകിട്ട് 5ന് പൊതുയോഗത്തില്‍ പി.ജയരാജന്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിക്കും. നേരത്തേ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും നടത്തിയിരുന്നു. പി.ജയരാജനെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതോടെ പ്രചാരണ പോസ്റ്ററില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തുകയായിരുന്നു. എം.വി. ജയരാജനും യോഗത്തില്‍ പങ്കെടുക്കും. വിവാദം ഒതുക്കി മുഖം രക്ഷിക്കാന്‍, കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിക്കുകയെന്ന തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നത്.

Signature-ad

തില്ലങ്കേരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി മട്ടന്നൂരില്‍ സി.പി.എം യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടിക്കെതിരെ പരസ്യമായി വെല്ലുവിളിയുയര്‍ത്തുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരുമായി ചങ്ങാത്തം വേണ്ടെന്ന നിര്‍ദേശമാണ് എം.വി.ജയരാജന്‍ നല്‍കിയത്. ലോക്കല്‍ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ആകാശ് തില്ലങ്കേരിക്കും കൂട്ടര്‍ക്കും ലഭിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണിത്.

ആകാശ് തില്ലങ്കേരി, സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരുമായി സമൂഹമാധ്യമത്തില്‍ ഏറ്റുമുട്ടാന്‍ പോയ പാര്‍ട്ടി അംഗങ്ങളെ സി.പി.എം വിലക്കിയതിനെ തുടര്‍ന്ന് അവര്‍ പിന്‍വാങ്ങിയിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ നടന്ന ഏറ്റുമുട്ടലിനിടയ്ക്കായിരുന്നു പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് കൊല നടത്തിയതെന്ന തരത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശിന്റെ വിവാദ വെളിപ്പെടുത്തലുണ്ടായത്.

 

 

 

 

Back to top button
error: