പത്തനംതിട്ട: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള മത്സര സാധ്യത തള്ളാതെ ശശി തരൂര്‍ എം.പി. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാര്‍ട്ടി തീരുമാനത്തിന് ശേഷം തന്റെ തീരുമാനം മാറ്റണമോ എന്ന് ആലോചിക്കുമെന്നും തരൂര്‍ പത്തനംതിട്ടയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
‘നിലവിലെ സാഹചര്യത്തില്‍ ഒരു മത്സരത്തിന് ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയുടെ അവസാന തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വേറെ ആള്‍ക്കാര്‍ക്ക് വിട്ടുകൊടുക്കട്ടെ എന്നാണ്. നേതൃത്വത്തിന്റെ കൈയിലാണ്. അവര്‍ തീരുമാനിക്കട്ടെ’ തരൂര്‍ പറഞ്ഞു. തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്താല്‍ അതിനെ സ്വീകരിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
റായ്പുരില്‍ വെച്ച് ഫെബ്രുവരി 24 മുതല്‍ 26 വരെ നടക്കുന്ന പാര്‍ട്ടി പ്ലീനറി യോഗത്തില്‍ വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന് പുറമെ 23 അംഗങ്ങള്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയേയാണ് തിരഞ്ഞെടുക്കുക. നോമിനേറ്റ് ചെയ്യപ്പെട്ട 12 പേരും തിരഞ്ഞെടുക്കപ്പെട്ട 11 പേരുമടങ്ങുന്നതാണ് പ്രവര്‍ത്തക സമിതി. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് നടക്കുന്നത്.