KeralaNEWS

മിവ ജോളിക്കെതിരായ പോലീസ് അതിക്രമം: വി.വി.ഐ.പി സുരക്ഷ ഉറപ്പാക്കുന്നതിനിടെയുള്ള സ്വാഭാവിക നടപടിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: കെ.എസ്.യു പ്രവര്‍ത്തക മിവ ജോളിക്കെതിരായ അതിക്രമത്തില്‍ കളമശ്ശേരി പോലീസിന് ക്ലീന്‍ചിറ്റ് നല്കി അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധക്കാരെ കൈകാര്യം ചെയ്തതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് തൃക്കാക്കര എ.സി.പിയുടെ റിപ്പോര്‍ട്ട്. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുളള ശ്രമത്തിനിടെ മിവ ജോളിക്കുനേരെ പോലീസ് അതിക്രമമുണ്ടായത്. റോഡിലേക്ക് ഓടിക്കയറിയ മിവയെ പുരുഷ പോലീസ് ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുന്നതും വാഹനത്തിലേക്ക് കയറ്റുമ്പോള്‍ കളമശ്ശേരി സി.ഐ തല ബലാല്‍ക്കാരമായി താഴ്ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Signature-ad

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് അടക്കമുളള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നല്കിയ പരാതിയിലാണ് ഡി.സി.പി എസ്. ശശിധരന്‍ തൃക്കാക്കര എ.സി.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കളമശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകരണം തേടിയതിനു പുറമെ തെളിവെടുപ്പും നടത്തിയ ശേഷമാണ് അന്വേഷണ റിപ്പോര്ട്ട് കൈമാറിയത്.

സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എ.സി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വി.വി.ഐ.പിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവിക നടപടി മാത്രമാണ്. അതിനാല്‍, കളമശ്ശേരി സി.ഐ അടക്കമുളള ഉദ്യോസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വി.വി.ഐ.പി സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നുമുള്ള നിലപാടാണ് കൊച്ചി സിറ്റി പോലീസ് വിവാദത്തിന് പിന്നാലെ സ്വീകരിച്ചിരുന്നത്.

 

Back to top button
error: