CrimeNEWS

വിവാഹേതര ബന്ധത്തെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭാര്യ നല്‍കിയ വിഷമദ്യം കഴിച്ച് ഭര്‍ത്താവും നിരപരാധിയായ സുഹൃത്തും മരിച്ചു

ചെന്നൈ: ഭാര്യനല്‍കിയ വിഷംകലര്‍ത്തിയ മദ്യംകഴിച്ച് ഭര്‍ത്താവും സുഹൃത്തും മരിച്ചു. ചെന്നൈക്കുസമീപം മധുരാന്തകം സ്വദേശി കവിതയാണ് ഭര്‍ത്താവ് സുകുമാറിന് (27) മദ്യത്തില്‍ വിഷംകലര്‍ത്തി നല്‍കിയത്. ഇത് കഴിച്ച സുകുമാറും സുഹൃത്തും ബിഹാര്‍ സ്വദേശിയായ ഹരിലാലും (43) കുഴഞ്ഞുവീണ് മരിച്ചു.

വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്നാണ് ഭര്‍ത്താവിന് വിഷംനല്‍കാന്‍ കവിത തീരുമാനിച്ചത്. ഇറച്ചിക്കോഴിക്കടയില്‍ ജോലിചെയ്യുന്ന സുകുമാറും സ്ഥാപനത്തിലെ ജീവനക്കാരിയായ കവിതയും തമ്മില്‍ കുറച്ചുകാലമായി വഴക്ക് പതിവായിരുന്നു.

Signature-ad

കവിതയും സഹപ്രവര്‍ത്തകനും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. മൂന്നുമാസംമുമ്പ് ഇരുവരും പിരിഞ്ഞു താമസിച്ചിരുന്നുവെങ്കിലും പിന്നീട് ബന്ധുക്കള്‍ ചേര്‍ന്ന് ഒരുമിപ്പിച്ചു. എന്നാല്‍, വീണ്ടുംവഴക്കായി. ഇതോടെ സുകുമാറിനെ മദ്യത്തില്‍ വിഷംകൊടുത്ത് കൊലപ്പെടുത്താന്‍ കവിത തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സുകുമാറിന്റെ സഹോദരന്‍ മണിയെ സമീപിച്ചാണ് മദ്യംവാങ്ങിയത്. മദ്യംവാങ്ങാന്‍ സുകുമാര്‍ ആവശ്യപ്പെട്ടുവെന്നാണ് മണിയോട് കവിത പറഞ്ഞത്. രണ്ടുകുപ്പി മദ്യം വാങ്ങിയതിനുശേഷം അതില്‍ ഒന്ന് മണിക്കുനല്‍കി.

അടുത്ത കുപ്പിയിലെ മദ്യത്തില്‍ സിറിഞ്ചും സൂചിയുമുപയോഗിച്ച് വിഷംകുത്തിവെച്ചു. സുഹൃത്ത് നല്‍കിയതാണെന്ന് പറഞ്ഞ് കുപ്പി സുകുമാറിന് നല്‍കി. ഇയാള്‍ കടയില്‍ പോയി ഹരിലാലിനൊപ്പം മദ്യപിക്കുകയും അധികംവൈകാതെ ഇരുവരും കുഴഞ്ഞുവീഴുകയുമായിരുന്നു.

രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. രക്തത്തില്‍ വിഷംകലര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കവിത അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: