CrimeNEWS

കോട്ടയത്ത് പോലീസുകാരനെ യുവാവ് നടുറോഡില്‍ ചവിട്ടിവീഴ്ത്തി; പിടികൂടാനെത്തിയ എസ്.ഐയ്ക്കും പരുക്ക്

കോട്ടയം: നഗരമധ്യത്തില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ യുവാവ് ചവിട്ടിവീഴ്ത്തി. വഴിയില്‍ വീണ പോലീസുകാരന്‍ എഴുന്നേറ്റയുടന്‍ വീണ്ടും അടിച്ചുവീഴ്ത്തി. സംഭവംകണ്ട വനിതാപോലീസ് ഓടി രക്ഷപ്പെട്ടു. പിടികൂടാനെത്തിയ ട്രാഫിക് എസ്.ഐയെ കഴുത്തിനടിച്ചു വീഴ്ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. കോട്ടയം ട്രാഫിക് എസ്.ഐ. ഹരിഹരകുമാര്‍, എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ വിജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ കുമാരനല്ലൂര്‍ താഴത്തുവരിക്കേല്‍ അശോകനെ പോലീസ് അറസ്റ്റുചെയ്തു.

പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം നഗരമധ്യത്തില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. നഗരത്തിലെ ബസേലിയോസ് കോളജിന് സമീപം ട്രാഫിക് ഡ്യൂട്ടിക്കിടെയാണ് പോലീസുകാരന്‍ വിജേഷിനെ യുവാവ് ചവിട്ടിവീഴ്ത്തിയത്.

Signature-ad

വഴിയില്‍ നില്‍ക്കുന്നതിനിടെ നടന്നുവന്ന യുവാവ് പ്രകോപനമൊന്നുമില്ലാതെ പൊടുന്നനെ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവംകണ്ട് സമീപം പാര്‍ക്കുചെയ്തിരുന്ന പോലീസ് വാഹനത്തിലുണ്ടായിരുന്ന വനിതാ പോലീസുകാര്‍ വാഹനത്തില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ കൈയ് തിരിഞ്ഞുപോയ പോലീസുകാരന്‍ കാരണമില്ലാതെ ഒരാള്‍തന്നെ ആക്രമിക്കുന്നുവെന്നറിയിച്ച് വയര്‍ലെസ് സെറ്റിലൂടെ പോലീസ് സഹായം തേടി.

ചന്തക്കവല ഭാഗത്തേയ്ക്ക് നടന്നുപോയ യുവാവിനെ വിവരമറിഞ്ഞെത്തിയ പട്രോള്‍സംഘം പിന്‍തുടര്‍ന്നു. ഇതുകണ്ട ആക്രമി വീണ്ടും പോലീസുകാര്‍ക്കുനേരെ പാഞ്ഞടുത്തു.

വയര്‍ലെസ് സന്ദേശം ലഭിച്ച കോട്ടയം ട്രാഫിക് എസ്.ഐ. ഹരിഹരകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ചന്തക്കവല ഭാഗത്തേയ്ക്ക് പാഞ്ഞെത്തി. ഈസമയം ഫുട്പാത്തിലൂടെ നടന്നുപോയ യുവാവിനെ പിടികൂടാന്‍ശ്രമിച്ച എസ്.ഐയുടെ കഴുത്തിലടിച്ചശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉടന്‍ എസ്.ഐയും മറ്റ് പോലീസുകാരും നാട്ടുകാരുംചേര്‍ന്ന് അക്രമിയെ കീഴ്പ്പെടുത്തി ജീപ്പില്‍കയറ്റി. പിന്നീട് കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി. പ്രതിക്കെതിരേ നേരത്തെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: