വെല്ലിംഗ്ടണ്‍: തുർക്കിക്കും സിറിയയ്ക്കും പിന്നാലെ ന്യൂസിലന്‍ഡിലും ശക്തിയേറിയ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റിന്റെ കെടുതികള്‍ നേരിടുന്നതിനിടെയാണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഭൂകമ്പം ഉണ്ടായത്. വെല്ലിംഗ്ടണിന് സമീപം പരപ്പാറമുവിന് വടക്ക് പടിഞ്ഞാറ് 50 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 57.4 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
അതേസമയം, കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ തുർക്കി, സിറിയ ഭൂചലനത്തിൽ മരണസംഖ്യ 37,000 കടന്നു. തുർക്കിയിൽ 31,700 മരണവും സിറിയയിൽ 5,700 മരണവുമാണ് സ്ഥിരീകരിച്ചത്. തുർക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേർ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഭൂകമ്പം 2.6 കോടി ജനങ്ങളെ ബാധിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു.
ഭൂകമ്പം നാശംവിതച്ച് ഒരാഴ്ചയ്ക്കു ശേഷവും തുർക്കിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒട്ടേറെപ്പേരെ ജീവനോടെ പുറത്തെടുത്തു. ഇന്ത്യയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ ജീവൻ തേടിപ്പിടിക്കുന്നത്.
ദുരന്തം പാടേ തകർത്ത കർമൻമറാഷ് പട്ടണത്തിൽ തകർന്നടിഞ്ഞ 3 നില കെട്ടിടത്തിനുള്ളിൽ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഒരു വയോധികയും മകളും കൈക്കുഞ്ഞുമാണ് അവശിഷ്ടങ്ങൾക്കടിയിലുള്ളത്.
അദിയാമാൻ പട്ടണത്തിൽ ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മിറായ് എന്ന 6 വയസ്സുകാരിയെ ജീവനോടെ പുറത്തെത്തിച്ചു. ബാലികയുടെ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഹതായ് പ്രവിശ്യയിൽ ഒരു 13 കാരനെയും രക്ഷിച്ചു.
പലയിടത്തും ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ആശ്വാസമായെങ്കിലും ഭക്ഷണവും വെള്ളവുമില്ലാതെ മനുഷ്യന് അതിജീവിക്കാവുന്ന സമയം കഴിയാറായതോടെ പ്രതീക്ഷകൾ അസ്തമിക്കുകയാണ്. കഴിയുന്നത്ര വേഗത്തിൽ പരമാവധി പേരെ രക്ഷപ്പെടുത്താനുള്ള കഠിനാധ്വാനത്തിലാണ് രക്ഷാപ്രവർത്തകർ.