അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന ഗോത്രവര്‍ഗ്ഗ നേതാവ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൈലാശഹറിലെ റാലിയില്‍ പറഞ്ഞു.
അതേസമയം, ത്രിപുര ബിജെപിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഗോത്രമേഖലയിലെ പുതിയ പാർട്ടി വെല്ലുവിളിയാകുമെന്നും സ്ഥിരീകരിച്ച് ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബർമൻ. മുഖ്യമന്ത്രിയെ മാറ്റിയത് തന്ത്രപരമായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രദ്യോത് ദേബ് ബർമന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്തയ്ക്ക് സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ സ്വാധീനമുണ്ട്. എന്നാൽ അതിന്റെ സ്വാധീനമേഖല വളരെ പരിമിതമാണ്. ഗോത്രവിഭാഗങ്ങൾക്ക് വേണ്ടതെല്ലാം ബിജെപി സർക്കാർ ചെയ്യുന്നുണ്ട്. ബിജെപി 60ൽ 42 സീറ്റ് നേടുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസും സിപിഎമ്മും വെല്ലിവിളി ഉയർത്തും. ബിജെപി വിജയിച്ചാൽ മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കും. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണ്. ഇതിൽ വലിയ തമാശയുണ്ട്. ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.