KeralaNEWS

അധിക നികുതി കൊടുക്കരുത് എന്ന പ്രഖ്യാപനം പിൻവലിച്ചു; പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്ന് കെ സുധാകര​ന്റെ വിശദീകരണം

തിരുവനന്തപുരം : അധിക നികുതി കൊടുക്കരുത് എന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും സുധാകരൻ വിശദീകരിച്ചു. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുൻപ് ചർച്ചകൾ നടത്തണം. സമര ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.

ബജറ്റിന് പിന്നാലെ നികുതി നൽകരുതെന്ന് പ്രഖ്യാപിച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ പണ്ട് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടായിരുന്നുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇന്ന് സുധാകരൻ പ്രഖ്യാപനം പിൻവലിച്ചത്.

Signature-ad

അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞത്. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. നികുതി വർധന പിടിവാശിയോടെയാണ് സർക്കാർ നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുൻപിൽ സംസ്ഥാനത്തെ തളച്ചിട്ടു. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയതെന്നും സുധാകരൻ ആഞ്ഞടിച്ചിരുന്നു.

ജനകീയ സമരങ്ങൾക്ക് മുൻപിൽ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കും. റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്നാവശ്യപ്പെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രി. മാധ്യമ വാർത്തകൾ കണ്ട് സമരത്തിനിറങ്ങുന്ന പാർട്ടിയല്ല കോൺഗ്രസ്. നികുതി വർധനയിൽ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Back to top button
error: