
ന്യൂഡല്‍ഹി: കാമുകി ശ്രദ്ധ വാള്‍ക്കറെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതിന് അറസ്റ്റിലായ മുംബൈ സ്വദേശി അഫ്താബ് അമീന്‍ പൂനവാല, ശ്രദ്ധയുടെ എല്ലുകള്‍ പൊടിച്ച് വലിച്ചെറിഞ്ഞതായി വെളിപ്പെടുത്തല്‍. മൂന്നു മാസത്തോളം ഫ്രിജില്‍ സൂക്ഷിച്ചുവച്ച ശേഷം ശ്രദ്ധയുടെ ശിരസാണ് അഫ്താബ് ഏറ്റവും ഒടുവില്‍ ഉപേക്ഷിച്ചതെന്നും ഡല്‍ഹി പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. ശ്രദ്ധയോട് അഫ്താബ് കാട്ടിയ ക്രൂരതകള്‍ എണ്ണിയെണ്ണി വിശദീകരിക്കുന്നതാണ് കേസില്‍ ഡല്‍ഹി പൊലീസ് തയാറാക്കിയ 6,600 പേജുകളുള്ള കുറ്റപത്രം.
2022 മേയ് 18ന് ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം, അഫ്താബ് പൂനവാല സൊമാറ്റോയില്‍നിന്നു ചിക്കന്‍ റോള്‍ വരുത്തി കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. ഡല്‍ഹി മുതല്‍ ദുബായ് വരെയുള്ള പ്രദേശങ്ങളില്‍നിന്ന് അഫ്താബിന് ഒട്ടേറെ കാമുകിമാരുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
മേയ് 18ന് മുംബൈയിലേക്കു പോകാന്‍ അഫ്താബും ശ്രദ്ധയും പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കിട്ടതോടെ യാത്ര റദ്ദാക്കി. ഇിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായതും അന്നേരത്തെ ദേഷ്യത്തില്‍ അഫ്താബ് ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതും.
കൊലയ്ക്കുശേഷം ശ്രദ്ധയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു അഫ്താബിന്റെ ആദ്യ നീക്കം. ഇതിനായി ബാഗ് വരെ വാങ്ങിയെങ്കിലും, ഉടന്‍ പിടിക്കപ്പെടാനുള്ള സാധ്യത പരിഗണിച്ച് വേണ്ടെന്നുവച്ചു. ഇതിനുശേഷമാണ് ശരീരം കഷണങ്ങളാക്കാന്‍ തീരുമാനിക്കുന്നതും അതിനായി ആയുധങ്ങള്‍ വാങ്ങുന്നതും. പുതിയൊരു വാള്‍, ചുറ്റിക, മൂന്നു കത്തികള്‍ എന്നിവയാണ് ഇതിനായി വാങ്ങിയത്.
35 കഷണങ്ങളാക്കി മുറിച്ചശേഷം ഇവ ഫ്രിജില്‍ സൂക്ഷിച്ചു. അഫ്താബിന്റെ കാമുകിമാര്‍ വീട്ടില്‍ വരുന്ന ദിവസങ്ങളില്‍ മൃതദേഹ ഭാഗങ്ങള്‍ ഫ്രിജില്‍നിന്ന് പുറത്തെടുത്ത് അടുക്കളയില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു പതിവെന്നും കുറ്റപത്രം പറയുന്നു.
കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ മൊബൈല്‍ ഫോണ്‍ അഫ്താബായിരുന്നു സൂക്ഷിച്ചിരുന്നത്. മേയ് 18 മുതല്‍ ശ്രദ്ധയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ അഫ്താബിന്റെ ഫോണില്‍നിന്നാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ശ്രദ്ധയുടെ ലിപ്സ്റ്റിക്കിനൊപ്പം ഫോണും മുംബൈയില്‍ ഉപേക്ഷിച്ചു. ശ്രദ്ധയുടെ ശരീരത്തിന്റെ 20 ഭാഗങ്ങള്‍ ഇതിനകം അന്വേഷണ സംഘം കണ്ടെടുത്തു. ഏറ്റവും ഒടുവില്‍ ഉപേക്ഷിച്ചെന്നു പറയുന്ന ശിരസ് ഉള്‍പ്പെടെ ഇനിയും കണ്ടെത്താനുണ്ട്.
2022 മേയ് 18 നാണ് പങ്കാളിയായ ശ്രദ്ധ വോള്‍ക്കറെ അഫ്താബ് കൊലപ്പെടുത്തിയത്. മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി 3 ആഴ്ച റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരികളും റൂം ഫ്രഷ്‌നറുകളും ഉപയോഗിച്ചു. 18 ദിവസം കൊണ്ട് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു.
മകളെ കാണാനില്ലെന്നു ശ്രദ്ധയുടെ പിതാവ് വികാശ് വാള്‍ക്കര്‍ നല്‍കിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മുംബൈയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോള്‍, ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. കുടുംബങ്ങള്‍ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവര്‍ ഡല്‍ഹിയിലേക്കു താമസം മാറുകയായിരുന്നു. വിവാഹം കഴിക്കാന്‍ ശ്രദ്ധ പതിവായി അഫ്താബിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.






