തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. വാര്‍ത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ശൈലി ശരിയല്ല. സര്‍ക്കാര്‍ പണം അനുവദിക്കാതെയാണോ ഗണേഷിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനം നടന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്തിന് അനുവദിച്ച പദ്ധതികളുടെ കണക്കും മുഖ്യമന്ത്രി വായിച്ചു. ഗണേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
നേരത്തെ, നിയമസഭാസമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി നടന്ന എല്‍.ഡി.എഫ് നിയമസഭാകക്ഷി യോഗത്തില്‍ ഗണേഷ് കുമാര്‍ പത്താനുപുരത്ത് വികസനമെത്തുന്നില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു. ഭരണപക്ഷ എം.എല്‍.എമാരെപ്പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നായിരുന്നു ഗണേഷ് തുറന്നടിച്ചത്. .തുറന്നുപറയുന്നതിന്റെ പേരില്‍ നടപടി എടുക്കാനാണെങ്കില്‍ അതു ചെയ്‌തോളൂ എന്ന വെല്ലുവിളിയുമായി ഗണേഷ് വേദി വിടുകയും ചെയ്തു.
”കഴിഞ്ഞ ബജറ്റില്‍ ഓരോ എം.എല്‍.എയ്ക്കും 20 പ്രവൃത്തിവീതം തരാമെന്നുപറഞ്ഞ് എഴുതിവാങ്ങി. ഒറ്റയെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ സ്ഥിതിതന്നെ ഇതാണ്. കിഫ്ബിയാണ് എല്ലാറ്റിനും പോംവഴി എന്നാണു പറയുന്നത്. ഇപ്പോള്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടന്നാണു പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ളെക്‌സുകള്‍ വച്ചു എന്നല്ലാതെ അതൊന്നും നടക്കുന്നില്ല. അതിന്റെ പഴിയും എം.എല്‍.എമാര്‍ക്കാണ്” രോഷത്തോടെ ഗണേഷ് പറഞ്ഞു. മുഖ്യമന്ത്രി യോഗത്തില്‍ ഉണ്ടായിരുന്നില്ല.