KeralaNEWS

സ്‌കൂളുകളില്‍ വാട്ടര്‍പ്യൂരിഫയര്‍: തിരുവന്തപുരം കോര്‍പ്പറേഷനില്‍ 42 ലക്ഷത്തിന്റെ വെട്ടിപ്പ്

തിരുവനന്തപുരം: നഗരപരിധിയിലെ 135 സ്‌കൂളുകളില്‍ 467 വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കാന്‍ കുടുംബശ്രീ ജില്ലാമിഷന്‍ വഴി തലസ്ഥാന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ 41.85 ലക്ഷം രൂപയുടെ വെട്ടിപ്പ് സി.എ.ജി കണ്ടെത്തി. യൂണിറ്റിന് 21,400 രൂപ വച്ച് 99.94 ലക്ഷം രൂപയാണ് മൊത്തം കണക്കാക്കിയത്. 465 യൂണിറ്റുകള്‍ വാങ്ങി 148 സ്‌കൂളുകളിലാണ് സ്ഥാപിച്ചത്. ഇതില്‍ ഒന്നിന് 9000 രൂപ വച്ച് വെട്ടിച്ചെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

കുടുംബശ്രീ ജില്ലാ മിഷന്‍ പദ്ധതി നടത്തിപ്പ് ഏല്‍പ്പിച്ചത് സഹസ്ഥാപനമായ നന്മ യുവശ്രീ ഗ്രൂപ്പിനെയാണ്. പ്യുറെല്ല ക്ലെവര്‍ എന്ന കമ്പനിയുടെ റിവേഴ്‌സ് ഓസ്മോസിസ് വാട്ടര്‍ പ്യൂരിഫയറുകളുടെ 465 യൂണിറ്റുകള്‍ വാങ്ങി 148 സ്‌കൂളുകളില്‍ സ്ഥാപിച്ചതിന് ജില്ലാമിഷന് കോര്‍പ്പറേഷന്‍ 99.51ലക്ഷം രൂപ അനുവദിച്ചത് 2022 മാര്‍ച്ചിലാണ്. എന്നാല്‍, നന്മ യുവശ്രീ ഗ്രൂപ്പ് കോട്ടയത്തെ മെഡ് കോര്‍പ്പ് എക്വിപ്‌മെന്റ്‌സില്‍ നിന്ന് യൂണിറ്റൊന്നിന് 12,400 രൂപയ്ക്ക് പ്യൂരിഫയറുകള്‍ വാങ്ങിയിട്ട് 21,400 രൂപയുടെ വ്യാജകണക്ക് ഒപ്പിച്ച് ഫണ്ട് വെട്ടിച്ചെന്നാണ് സി.എ.ജി കണ്ടെത്തിയത്.

Signature-ad

പ്രാഥമിക ഓഡിറ്റില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയോഗിച്ച മൂന്നംഗ സമിതി പര്‍ച്ചേസിലടക്കം തിരിമറി കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ അന്വേഷണം നിര്‍ദ്ദേശിച്ച് തദ്ദേശ വകുപ്പ് അഡിഷണല്‍ ചീഫ്‌സെക്രട്ടറിക്ക് റിപ്പോര്‍ട്ടും നല്‍കി. അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നാണ് വിവരം.

വാട്ടര്‍ പ്യൂരിഫയറിന് രണ്ട് വര്‍ഷത്തെ സര്‍വീസ് വാറണ്ടി കരാറിന്റെ ഭാഗമായിരുന്നു. ഓഡിറ്റ് സംഘം 14 സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ 45 യൂണിറ്റുകളില്‍ ആറെണ്ണം സ്ഥാപിച്ചിട്ടില്ലെന്നും 20 എണ്ണം തകരാറാണന്നും കണ്ടെത്തി. ഏജന്‍സി സര്‍വീസിംഗിന് തിരിഞ്ഞ് നോക്കിയിട്ടില്ല.

 

Back to top button
error: