തിരുവനന്തപുരം: മന്ത്രി പി.പ്രസാദിനെ ഒഴിവാക്കി കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ഇസ്രയേല്‍ യാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് അനുമതി തേടി കൃഷിവകുപ്പ്. പാര്‍ട്ടിയെ അറിയിക്കാതെ യാത്രയ്ക്കു തയാറെടുത്ത പി.പ്രസാദിനെ സി.പി.ഐ സംസ്ഥാന നേതൃത്വം വെട്ടിയതോടെയാണു കര്‍ഷകരും അവരെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരും പഠനത്തിനു പോകട്ടെ എന്ന നിര്‍ദേശം വകുപ്പ് മുന്നോട്ടു വച്ചത്.
തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരില്‍ പലരും വിമാനടിക്കറ്റ് ഉള്‍പ്പെടെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ യാത്ര പൂര്‍ണമായി റദ്ദാക്കിയാല്‍ കര്‍ഷകരുടെ പണം വെള്ളത്തിലാവും. ഇതോടെയാണു കര്‍ഷകരും ഉദ്യോഗസ്ഥരും മാത്രമെന്ന നിര്‍ദേശം മുഖ്യമന്ത്രിക്കു മുന്‍പില്‍ വച്ചത്. കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും യാത്രയ്ക്ക് സി.പി.ഐ സംസ്ഥാന നേതൃത്വം അനുമതി നല്‍കി. അതിനാല്‍ മുഖ്യമന്ത്രിയും അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ്.
പാര്‍ട്ടിയോട് ആലോചിക്കാതെ കൃഷി പഠിക്കാന്‍ ഇസ്രയേലിലേക്കു യാത്രക്കൊരുങ്ങിയ മന്ത്രി പി.പ്രസാദിനെ സി.പി.ഐയും പിന്നാലെ മുഖ്യമന്ത്രിയും വെട്ടുകയായിരുന്നു. ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെയും പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയും യാത്ര ആസൂത്രണം ചെയ്തതാണു പ്രസാദിനു തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രി യാത്രയ്ക്ക് ഒരുങ്ങിയത് സി.പി.ഐക്ക് നാണക്കേടുമായി.