Food

ഗർഭിണികൾക്ക് തക്കാളിക്ക കഴിക്കാമോ?

ഡോ.വേണു തോന്നക്കൽ

ഗർഭിണികളുടെ ഭക്ഷണ രീതികളെക്കുറിച്ച് പല സന്ദേഹങ്ങളും നിലവിലുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും ഗർഭിണികൾക്ക് തീർച്ചയായും തക്കാളിക്ക കഴിക്കാം എന്നു മാത്രമല്ല അത് അവർക്ക് ഏറെ ഫലപ്രദവുമാണ്.

ഗർഭിണികളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം സാധാരണയിൽ കൂടുതലായി ആവശ്യമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഇരുമ്പിന്റെ അംശം ശരീരം ആഗിരണം ചെയ്ത് ഉപയോഗപ്പെടുത്തുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇരുമ്പിന്റെ അംശമുള്ള ഗുളികകളോ ടോണിക്കുകളോ ഗർഭിണികൾ കഴിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. നാം കഴിക്കുന്ന പച്ചിലക്കറികൾ, മലക്കറികൾ, ഇറച്ചി എന്നിവയിൽ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്.

തക്കാളിക്കയിലും ജീവകം സി വേണ്ടത്ര അടങ്ങിയിരിക്കുന്നു. ഈ സ്വാഭാവിക ജീവകം സി യുടെ സാന്നിധ്യത്തിൽ ഇരുമ്പംശം അതിന്റെ ഏറ്റവും ഉയർന്ന തോതിൽ ആഗിരണം ചെയ്യപ്പെടുന്നു. അതിനാൽ ഇരുമ്പംശം ധാരാളമുള്ള ഭക്ഷണങ്ങളായ പച്ചിലക്കറികൾ, മലക്കറികൾ, ഇറച്ചി എന്നിവയ്ക്കൊപ്പം തക്കാളി കൂടി കഴിക്കുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തക്കാളിക്ക പാകം ചെയ്യാതെയാണ് കഴിക്കേണ്ടത്. പാകം ചെയ്യുമ്പോൾ അതിലെ ജീവകം സി നഷ്ടമാകുന്നു. പാകം ചെയ്താൽ മാത്രമല്ല ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അച്ചാറുകൾ ഉണ്ടാക്കി വച്ചാലും ജീവകം സി നഷ്ടമാകും.
ഗർഭിണികൾക്ക് ഫോളിക് ആസിഡ് (folic acid) ഗുളികകൾ നൽകുന്നത് കണ്ടിരിക്കുമല്ലോ. ഫോളിക് ആസിഡ് ജീവകം ബി കോംപ്ലക്സ് (B.Complex vitamin)ഘടകം ആണ്. ഡിഎൻഎ (DNA), ആർഎൻഎ (RNA) തുടങ്ങിയ ജനിതക ഘടകങ്ങളുടെ നിർമ്മാണത്തിന് ഇത് സഹായിക്കുന്നു.
ഈ ജീവകത്തിൻ്റെ അഭാവം ഗർഭസ്ഥ ശിശുക്കളിൽ Anencephaly, spina bifida തുടങ്ങിയ ജന്മനായുള്ള മാരകമായ നാഡീ തകരാറുകൾക്ക് കാരണമാകുന്നു. തക്കാളിക്കയിൽ പ്രകൃത്യായുള്ള folate തന്മാത്രകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഗർഭസ്ഥ ശിശുക്കളെ അത്തരം നാഡീരോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു.
കൂടാതെ ഗർഭസ്ഥ ശിശുവിന്റെയും അമ്മയുടെയും ആരോഗ്യത്തിനു വേണ്ട ആന്റി ഓക്സിഡന്റുകൾ തുടങ്ങി ധാരാളം മേന്മയേറിയ പോഷക ഘടകങ്ങളും ഉണ്ടാവും. തക്കാളിക്ക പാകം ചെയ്തോ അല്ലാതെ നേരിട്ടോ എപ്രകാരം കഴിച്ചാലും ജീവകം സി ഒഴിച്ചുള്ള എല്ലാ പോഷകാംശങ്ങളും അതിൽ നിന്നും ലഭ്യമാവും.

നന്നായി വിളഞ്ഞു പഴുത്ത തക്കാളിക്ക തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. താക്കാളിക്ക ചെടിച്ചെട്ടിയിൽ പോലും കൃഷി ചെയ്ത് ആർക്കും നല്ല വിളവുണ്ടാക്കാവുന്നതാണ്.

Back to top button
error: