Movie

പ്രേക്ഷക മനസ്സുകളിൽ ‘ലാത്തിരി പൂത്തിരി’ നിറച്ച ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ തിയേറ്ററുകളിലെത്തിയിട്ട് ഫെബ്രുവരി 1 ന് 38 വർഷം

സിനിമ ഓർമ്മ

ഫാസിലിന്റെ ‘കുഞ്ഞൂഞ്ഞമ്മ’ കാത്തിരിക്കാൻ തുടങ്ങിയിട്ട് 38 വർഷം. 1985 ഫെബ്രുവരി ഒന്നാം തീയതിയാണ് തിയേറ്ററുകളിൽ ജനപ്രവാഹമൊഴുക്കിയ ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ പ്രദർശനം ആരംഭിച്ചത്. ജീവിതത്തിലേയ്ക്ക് പൊടുന്നനെ കയറിവന്ന് പ്രകാശം പരത്തി മറയുന്ന ഒരാൾ എന്ന പ്രമേയത്തിന്റെ ഹൃദയസ്പർശിയായ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ”നോക്കെത്താദൂരത്ത് കണ്ണുംനട്ട്”. മികച്ച ജനപ്രീതിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ ഈ ചിത്രം നാദിയ മൊയ്തുവിന്റെയും ഒപ്പം സംവിധാന സഹായികളായ സിദ്ദിക്ക്- ലാലുമാരുടെയും കന്നിച്ചിത്രമാണ്. പഴയകാല നടിമാരിൽ ഒരാളായ പത്മിനിയുടെ തിരിച്ചു വരവ് ചിത്രം കൂടിയാണിത്. മോഹൻലാൽ ആയിരുന്നു പ്രധാന സഹതാരം. സംവിധായകൻ ഫാസിലും ലാലിൻ്റെ സുഹൃത്തായി ഒരു വേഷം ചെയ്‌തു.

വിധവയായ, ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞൂഞ്ഞമ്മയുടെ ജീവിതത്തിലേയ്ക്ക് ‘ലാത്തിരി പൂത്തിരി’യുമായി വന്ന കൊച്ചുമകൾ ഗേളി. ഒടുവിൽ ബ്രെയിൻ ട്യൂമർ വന്ന് ജീവിതത്തിൽ നിന്ന് മടങ്ങിപ്പോയെങ്കിലും, അവൾ എന്നെങ്കിലും വരുമായിരിക്കും എന്ന മുത്തശ്ശിയുടെ പ്രതീക്ഷയിലാണ് ചിത്രം അവസാനിക്കുന്നത്. ‘നോക്കെത്താദൂരത്തി’ന്റെ നിർമ്മാതാക്കളിൽ ഒരാളായ ഔസേപ്പച്ചൻ സിദ്ധിഖ്-ലാലുമാരുടെ ‘റാംജിറാവു’വിൻ്റെ സഹനിർമ്മാതാവാണ്. മറ്റൊരു നിർമ്മാതാവായ ഖയാസ് ‘ഇൻ ഹരിഹർ നഗറി’ന്റെ നിർമ്മാണ പങ്കാളിയുമാണ്.

ബിച്ചു തിരുമല- ജെറി അമൽദേവ് ടീം ഒരുക്കിയ ‘നോക്കെത്താദൂരത്തിലെ’ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ‘ആയിരം കണ്ണുമായി’, ‘ആരാധന നിശാ സംഗീതവേള’, ‘കിളിയെ കിളിയേ’ എന്നീ ഗാനങ്ങൾ അന്ന് മൂളാത്തവരില്ല. ഈ ചിത്രത്തിന്റെ തമിഴ് (പൂവേ പൂചൂടവാ) തെലുഗു റീമെയ്ക്കുകളും വിജയമായിരുന്നു. രണ്ടാം ഭാഗം ഒരുക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സാക്ഷാത്ക്കാരമായില്ല.
1983 -ലെ ഓസ്‍കർ ചിത്രമായ ‘ടേംസ് ഓഫ് എൻഡിയർമെൻറ്’ ഫാസിലിനെ സ്വാധീനിച്ചുവെന്ന് പറയപ്പെടുന്നു. വിധവയായ അമ്മയും മകളും തമ്മിലുള്ള ബന്ധവും മകൾ കാൻസർ വന്ന് മരിക്കുന്നതുമാണ് ആ ഹോളിവുഡ് ചിത്രത്തിന്റെ പ്രമേയം. ‘ദി ഈവനിങ്ങ് സ്റ്റാർ’ എന്ന പേരിൽ രണ്ടാം ഭാഗം ഇറങ്ങിയെങ്കിലും വിജയമായില്ല.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: