SportsTRENDING

അടുത്ത കോപ്പ അമേരിക്കയിൽ അർജെൻ്റീനയുടെ ‘മാലാ​ഖ’ ബൂട്ടണിഞ്ഞേക്കും; കളിക്കാനുള്ള താൽപ്പര്യമറിയിച്ച് ഡിമരിയ

ബ്യൂണസ് ഐറീസ്: അടുത്ത കോപ്പ അമേരിക്കയിൽ കളിക്കാനുള്ള താൽപ്പര്യമറിയിച്ച് അര്‍ജന്‍റൈന്‍ സൂപ്പര്‍താരം ഏഞ്ചൽ ഡിമരിയ. ലോകകപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക കിരീടം നേടിയ സംഘത്തോടൊപ്പം ഇനിയും കളിക്കണമെന്ന ആഗ്രഹം മെസിയും ഡി മരിയയും പങ്കുവച്ചിരുന്നു. 2024ൽ അമേരിക്കയിലാണ് അടുത്ത കോപ്പ അമേരിക്ക ടൂർണമെന്‍റ് നടക്കുക. ലാറ്റിനമേരിക്കയിലെ 10ഉം കോൺകകാഫിലെ 6ഉം രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുക. ഫൈനലുകളിലെ ഭാഗ്യതാരമായ ഡി മരിയക്ക് വീണ്ടും ടീമില്‍ അവസരം നല്‍കുമോ എന്ന് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി വ്യക്തമാക്കിയിട്ടില്ല.

ബ്രസീലിനെ വീഴ്ത്തി കിരീടം നേടിയ അർജന്‍റീനയാണ് കോപ്പയില്‍ നിലവിലെ ചാമ്പ്യന്മാർ. കോപ്പ അമേരിക്ക ഫൈനലിൽ വിജയ ഗോൾ നേടിയതും ഏഞ്ചൽ ഡി മരിയയായിരുന്നു. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. 22-ാം മിനുറ്റില്‍ എഞ്ചൽ ഡി മരിയ വിജയ ഗോള്‍ നേടി. അർജന്റീന സീനിയർ ടീമിൽ ലിയോണൽ മെസിയുടെ ആദ്യ അന്താരാഷ്‍ട്ര കിരീടമായിരുന്നു ഇത്. അര്‍ജന്‍റീന 1993ന് ശേഷം കിരീടം നേടുന്നത് ഇതാദ്യം എന്ന പ്രത്യേകതയുമുണ്ട്.

ഖത്തര്‍ ലോകകപ്പിലെ ഫൈനലില്‍ അര്‍ജന്‍റീന കനകകിരീടത്തില്‍ മുത്തമിട്ടപ്പോഴും ഡി മരിയയുടെ കാലുകളുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ ഗോളുകള്‍ നേടി അര്‍ജന്‍റീനയുടെ ‘കാവല്‍ മാലാഖയായി’ മാറി ഇതോ ഏയ്ഞ്ചല്‍ ഡി മരിയ. പരിക്ക് മൂലം ലോകകപ്പിനിടെ ബുദ്ധിമുട്ടിയ ഡി മരിയ കലാശ പോരാട്ടത്തില്‍ തിരിച്ചെത്തി മിന്നും പ്രകടനം പുറത്തെടുക്കുകയായിരുന്നു. അര്‍ജന്‍റീനയുടെ രണ്ടാം ഗോള്‍ നേടിയതും ഡി മരിയ തന്നെയായിരുന്നു. ഡി മരിയയെ ഡെംബലെ ഫൗള്‍ ചെയ്തതിനാണ് അര്‍ജന്‍റീനയ്ക്ക് ആദ്യം പെനാല്‍റ്റി ലഭിച്ചതും. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: