ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് തിങ്കളാഴ്ച പള്ളിയിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ. തെഹരീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) നേതാവായിരുന്ന ഉമർഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ഉമർഖാലിദ് ഖുറസാനി ഓഗസ്റ്റിൽ അഫ്ഗാനിൽവെച്ച് കൊല്ലപ്പെട്ടിരുന്നു. സഹോദരന്റെ മരണത്തിനുള്ള പ്രതികാരമാണ് സ്ഫോടനം നടത്തിയതെന്നും സംഘടന അറിയിച്ചു. പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന നിരോധിത സംഘടനയായ ടിടിപി നേരത്തെയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി. 150ലേറെ പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറൽ അസിം മുനീറും പെഷവാറിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സൈനിക മേധാവിയോടൊപ്പം പ്രധാനമന്ത്രി പെഷവാറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റൽ സന്ദർശിച്ചു. ആഭ്യന്തര മന്ത്രി റാണ സനാഉല്ലയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചതായി വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് ട്വീറ്റ് ചെയ്തു.
പെഷാവറിലെ പൊലീസ് ലൈനിലെ പള്ളിയിൽ ഉച്ച തിരിഞ്ഞ് 1.40 ഓടെയായിരുന്നു സ്ഫോടനം. പ്രാർത്ഥനയ്ക്കായി നിരവധി ആളുകൾ ഒത്തു കൂടിയ സമയത്തായിരുന്നു ആക്രമണം.പള്ളിക്കുള്ളിൽ മുൻ നിരയിൽ ഉണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന് തൊട്ടുപിന്നാലെ പൊലീസ് പള്ളിയുടെ സമീപത്തേക്കുള്ള റോഡുകൾ അടച്ചു. പിന്നാലെ സൈന്യം പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു.
തിരിച്ചറിയിൽ രേഖകൾ ഇല്ലാതെയോ ദേഹപരിശോധന കൂടാതെയോ ആർക്കും പ്രവേശിക്കാനാത്ത അതീവ സുരക്ഷാ മേഖലയിലെ പള്ളിയിലാണ് ആക്രമണം നടന്നത്. പെഷാവർ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഇസ്ലമാബാദിലും ജാഗ്രതാ നിർദ്ദേശം നൽകി. ഇമ്രാൻ ഖാൻ അടക്കമുള്ള നേതാക്കൾ ആക്രമണത്തെ അപലപിച്ചു.