NEWSPravasi

ഷാര്‍ജയില്‍നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട് വിമാനം തിരിച്ചിറക്കി; യാത്രക്കാരില്‍ പലരും നാട്ടിലെത്തിയത് 38 മണിക്കൂറിന് ശേഷം

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരില്‍ പലരും നാട്ടിലെത്തിയത് 38 മണിക്കൂറിന് ശേഷം. വെള്ളിയാഴ്ച രാത്രി ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എ.ഐ 998 വിമാനത്തിലെ യാത്രക്കാരാനാണ് പല വിമാനങ്ങളിലായി തിരുവനന്തപുരത്തും കോഴിക്കോടും എത്തിയത്. വെള്ളിയാഴ്ച രാത്രി 11.45ന് പുറപ്പെട്ട വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്നും ഷാര്‍ജയില്‍ തന്നെ തിരികെ ഇറക്കുകയാണെന്നും പൈലറ്റ് അറിയിച്ചത്.

174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റിയെങ്കിലും വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ പകരം എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചോ ആദ്യമൊന്നും അധികൃതര്‍ സംസാരിച്ചില്ല. യുഎഇയിലെ പ്രതികൂല കാലാവസ്ഥ കൂടി കണക്കിലെടുത്ത് പലരും വെള്ളിയാഴ്ച നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിയവരായിരുന്നു. അര്‍ദ്ധരാത്രിയോടെ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയത്. അതുവരെ ടെര്‍മിനലില്‍ തന്നെ ഇരിക്കേണ്ടി വന്നു. അടുത്ത് താമസിക്കുന്നവരെ അവരുടെ താമസ സ്ഥലങ്ങളിലേക്ക് തന്നെ അയച്ചു. ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും മുതല്‍ ഏതാനും ദിവസത്തെ അത്യാവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസികള്‍ വരെ വിമാനത്തിലുണ്ടായിരുന്നു.

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന ഒരു മൃതദേഹവും ഒപ്പം യാത്ര ചെയ്‍തിരുന്ന ബന്ധക്കളും വിമാനത്തില്‍ ഉണ്ടായിരുന്നു. ചില യാത്രക്കാരെ തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. അവിടെ നിന്ന് കോഴിക്കോടേക്ക് യാത്രാ സൗകര്യം ഒരൂക്കാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. കുറച്ചുപേരെ ചെന്നൈ വിമാനത്തില്‍ എത്തിച്ചു. അവശേഷിച്ച യാത്രക്കാര്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.51ന്റെ കോഴിക്കോട് വിമാനത്തിലും നാട്ടിലെത്തി.

Back to top button
error: