NEWSWorld

ബംഗ്ലാദേശിൽ വച്ച് ഒളിച്ചുകളിക്കാൻ കണ്ടെയ്‍നറിൽ കയറിയ 15 വയസുകാരൻ എത്തിയത് മലേഷ്യയിൽ, പുറത്തിറങ്ങാനായത് ഒരാഴ്ചയ്ക്കു ശേഷം! 

ധാക്ക: ബംഗ്ലാദേശിൽ കൂട്ടുകാർക്കൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ കണ്ടെയ്നറിൽ കയറിയ കുട്ടിക്ക് അതിൽ നിന്നു പുറത്തിറങ്ങാനായത് ഒരാഴ്ചയ്ക്കു ശേഷം, എത്തിയതോ മലേഷ്യയിലും ! ബം​ഗ്ലാദേശിൽ നിന്നുള്ള ഒരു പതിനഞ്ചു വയസുകാരൻ ഫാഹിമിനാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. അവൻ ഒളിച്ചു കളി കളിക്കുന്നതിനിടെ ഒരു ഷിപ്പിം​ഗ് കണ്ടെയ്നറിൽ കയറി സ്വയം പൂട്ടി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാൻ കഴിഞ്ഞത്.

ജനുവരി 11 -ന് ചിറ്റഗോംഗിൽ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചുകളി കളിക്കുകയായിരുന്നു 15 -കാരനായ ഫാഹിം. ഒളിക്കുന്നതിന് വേണ്ടിയാണ് അവൻ ഒരു കണ്ടെയ്‍നറിൽ കയറിയത്. കൂട്ടുകാർ കണ്ടെത്താതിരിക്കാൻ അകത്തു നിന്നു പൂട്ടുകയും ചെയ്തു. എന്നാൽ, ഇത്തിരി നേരം കഴിഞ്ഞപ്പോൾ അവൻ അതിനകത്ത് ഉറങ്ങിപ്പോയി. ആ സമയം കണ്ടെയ്നർ കപ്പലിലേക്കു കയറ്റുകയും ചെയ്തു. ഒടുവിൽ ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് നിർജ്ജലീകരണം സംഭവിച്ച, വിശന്നു തളർന്ന ഫാഹിമിനെ കണ്ടെത്തുന്നത്.

കുട്ടിയെ കണ്ടെയ്നറിൽ കണ്ടെത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതിൽ കു‌ട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കാണാം. അവന്റെ ആരോ​ഗ്യം അപ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു. അവന്റെ വീട്ടിൽ നിന്നും 2300 മൈലുകൾ അകലെയായിരുന്നു അവൻ. അതുപോലെ അധികൃതർ കണ്ടെത്തുമ്പോൾ അവന് പനിയും ഉണ്ടായിരുന്നു.

കുട്ടി സ്വയം കണ്ടെയ്‍നറിനകത്ത് കയറിയതാണ്. പിന്നീട് ഉറങ്ങിപ്പോയി. പിന്നീട്, അതിനകത്ത് കണ്ടെത്തുകയായിരുന്നു എന്ന് മലേഷ്യൻ ആഭ്യന്തര മന്ത്രി പറഞ്ഞു. ആദ്യം കരുതിയിരുന്നത് ഇതൊരു മനുഷ്യക്കടത്താണ് എന്നാണ് എങ്കിലും പിന്നീട് സംശയം ദുരീകരിക്കപ്പെട്ടു. ആരോഗ്യം വീണ്ടെടുത്തശേഷം കുട്ടിയെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കും.

Back to top button
error: