CrimeNEWS

ഇടവേള ബാബുവിനെതിരെ അസഭ്യം; വ്ളോഗര്‍ ‘ഡവറയോളിയണ്ണ’നടക്കം രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: ഇടവേള ബാബുവിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ് (59), വിവേക് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈയില്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തതായി കൊച്ചി സിറ്റി സൈബര്‍ സെല്‍ പോലീസ് അറിയിച്ചു. ‘ഡവറയോളിയണ്ണന്‍’ എന്നാണ് വ്ളോഗര്‍ കൃഷ്ണപ്രസാദിന്‍െ്‌റ യൂട്യൂബ് ചാനലിന്റെ പേര്. ഇടവേള ബാബുവിന്റെ പരാതിയിലാണ് നടപടി. സൈബര്‍ പോലീസിനെതിരെയും ഇയാള്‍ അധിക്ഷേപം നടത്തിയിരുന്നു.

തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെക്കുറിച്ച് ഇടവേള ബാബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്.

Signature-ad

താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ പ്രചരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിനെക്കുറിച്ച് ബാബു പറഞ്ഞത്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ഇടവേള ബാബുവിന്റെ വിമര്‍ശനം.

”മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്കാര്‍ക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. ഈ സിനിമ ഫുള്‍ നെഗറ്റീവാണ്.

അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകള്‍ക്കാണോ സിനിമാക്കാര്‍ക്കാണോ? പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും പിന്തിക്കാന്‍ പറ്റില്ല. ഞാന്‍ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു.

ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകന്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്,”എന്നാണ് ഇടവേള ബാബു പറഞ്ഞത്.

Back to top button
error: