KeralaNEWS

മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനെ ആക്രമിച്ച സംഭവം; സി.പി.എം കൂറുമാറ്റത്തിനെതിരേ സി.പി.ഐ

കാസര്‍ഗോഡ്: മുന്‍ മന്ത്രിയും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയെ ആക്രമിച്ച കേസില്‍ സി.പി.എം സാക്ഷികളുടെ കൂറുമാറ്റത്തിനെതിരേ സി.പി.ഐ സത്യസന്ധമായി മൊഴികൊടുക്കുന്നതിന് പകരം ബി.ജെ.പി., ആര്‍.എസ്.എസ്. പ്രതികളെ രക്ഷിക്കണമെന്ന സി.പി.എം നിലപാട് പരിഹാസ്യമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേസില്‍ സാക്ഷികളായ സി.പി.എം നേതാക്കള്‍ കൂറുമാറിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ 12 ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകരെയാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) വെറുതേ വിട്ടത്. 2016 മേയ് 19-ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലില്‍ ആഹ്‌ളാദപ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചന്ദ്രശേഖരന്റെ ഇടത് കൈയെല്ലിന് പരുക്കേറ്റിരുന്നു. പരുക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാറില്‍ റവന്യൂ മന്ത്രിയായി ചുമതലയേറ്റത്. സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി 2022 നവംബര്‍ 28-ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Signature-ad

കെ. പ്രകാശ് ബാബുവിന്റെ ഫെയ്‌സ്്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2016-ല്‍ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത ഇ. ചന്ദ്രശേഖരന്‍ കയ്യില്‍ ബാന്‍ഡേജ് ഇട്ട് ഗവര്‍ണറോടും മുഖൃമന്ത്രിയോടുമൊപ്പം നില്‍ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സില്‍ തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി., ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കലിതുളളി ആക്രമിച്ചതാണ്. ചന്ദ്രശേഖരനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു. ചാര്‍ജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്‍പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്‍ത്തകരായ സാക്ഷികളും മൊഴിമാറ്റിപ്പറഞ്ഞ് കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. സാക്ഷികള്‍ ഇല്ലാത്തതിനാല്‍ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടു.

സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സത്യസന്ധമായി മൊഴികൊടുക്കുന്നതിനു പകരം ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്, പരിഹാസൃമാണ്. സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് ഞാന്‍ കരുതുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: