കൊല്ലം: എന്തിനും ഏതിനും അഭിവാദ്യ ഫ്‌ളക്‌സ് വയ്ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് നാട്ടുകാര്‍. കൊല്ലം പെരിനാട് പഞ്ചായത്തിലാണ് നാട്ടുകാരുടെ മറുപണി.
പെരിനാട് പഞ്ചായത്ത് സ്റ്റാര്‍ച്ച് ജംഗ്ഷന്‍ -കൈതകോടി റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ട് 2 മാസം കഴിഞ്ഞു. പക്ഷേ കാര്യങ്ങള്‍ ഇപ്പോഴും തുടങ്ങിയ ഇടത്ത് തന്നെ നില്‍ക്കുകയാണ്. പുതിയ റോഡ് പണിയാന്‍ പഴയ റോഡ് ഇളക്കിയിട്ടിരിക്കുന്നത് കാരണം ജനങ്ങള്‍ മറഞ്ഞിവീഴുന്ന അവസ്ഥ ആണ്. നടക്കാന്‍ പോലും നിവര്‍ത്തിയില്ല, വാഹനങ്ങളുടെ കാര്യം പറയേണ്ടതുമില്ല.
പുതിയ റോഡിന് കാത്തിരുന്ന നാട്ടുകാര്‍ ഇപ്പോ പഴയ റോഡെങ്കിലും തിരിച്ച് കിട്ടിയാല്‍ മതിയന്ന അവസ്ഥയിലാണ്. റോഡ് പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മടുത്ത നാട്ടുകാര്‍ ഒടുവില്‍ അതങ്ങ് ചെയ്തു, റോഡ് അടച്ചു. ആവശ്യത്തിന് വാഴകളും നട്ടു.
പുതിയ റോഡിന് പണം അനുവദിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിച്ച് സി.പി.എമ്മും ഇതേ വിഷയത്തില്‍ എം.എല്‍.എയെ അഭിനന്ദിച്ച് കോണ്‍ഗ്രസും റോഡില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരുന്നു. ഈ ഫ്‌ലക്‌സുകള്‍ക്ക് നടുവിലാണ് നാട്ടുകാരുടെ പ്രതിഷേധ വാഴകള്‍ നട്ടത്. വാഴ വളര്‍ന്ന് കുലച്ചാലെങ്കിലും റോഡ് പണി തുടങ്ങുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.