CrimeNEWS

കട തല്ലിത്തകർക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന സ്ത്രീയുടെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: കടം വാങ്ങിയ പണം ചോദിച്ചെത്തി, കട തല്ലിപ്പൊളിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന സ്ത്രീയുടെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് റൂറല്‍ ഹെഡ്ക്വാര്‍ടേഴ്സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ടി.വി പ്രദീപിനെ (45) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം.

ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 52 വയസുകാരിയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോവിഡ് സമയത്ത് സ്ത്രീക്ക് 80,000 രൂപ പ്രീദീപ് കടം നല്‍കിയിരുന്നു. ഇത് ചോദിച്ചാണ് പ്രദീപ് എത്തിയതെന്നും പണമില്ലെന്ന് പറഞ്ഞതോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സ്ത്രീയെ കയറിപ്പിടിക്കുകയും വീടിനോട് ചേര്‍ന്നുള്ള കട തല്ലി പൊളിക്കുകയും ചെയ്തുവെന്നുമാണ് പരാതി. വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. സ്ത്രീയും മകളും സഹോദരനും അടക്കമുള്ളവര്‍ വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് പൊലീസുകാരന്‍ അക്രമം നടത്തിയതെന്നാണ് പരാതി.

Signature-ad

നേരത്തെ കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തപ്പോഴുള്ള അഞ്ച് വര്‍ഷത്തെ സൗഹൃദമാണ് പ്രദീപുമായുണ്ടായിരുന്നതെന്നാണ് വിവരം. മാനഹാനി ഉള്‍പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തത്. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രദീപിനെ സംഭവസ്ഥലത്ത് വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രദീപിനെ നെഞ്ച് വേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഈ പൊലീസുകാരനെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ട്. സമാനമായ ഒരു കേസും ഒരു അടിപിടി കേസും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മറ്റൊരു കേസുമാണ് ഇയാള്‍ക്കെതിരെ ഉള്ളതെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് വ്യക്തമാക്കി. മുമ്പ് പ്രദീപിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

Back to top button
error: