ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ സി.പി.എം ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ എ ഷാനവാസിന് ക്ലീന്‍ ചിറ്റ് നല്കി പോലീസ് റിപ്പോര്‍ട്ട്. ലഹരി ഇടപാടില്‍ ഷാനവാസിനെ ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നാണ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഷാനവാസ് സ്വകാര്യ കേബിള്‍ കമ്പനി കരാറുകാരനെന്ന നിലയില്‍ നല്ല വരുമാനമുള്ളയാളാണ്. അനധികൃതമായി സമ്പാദ്യമുണ്ടാക്കിയതായി വിവരമില്ല. ലഹരിവസ്തുക്കേസുകളില്‍ ഇടപെടുന്നതായും അറിവില്ല എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്നാണ് കരുനാഗപ്പള്ളി പോലീസ് ഒരു കോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ലഹരിവസ്തുക്കള്‍ പിടികൂടിയത്.
കേസില്‍ ഷാനവാസിന്റെ വാഹനം വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയനെ ഇതുവരെ കണ്ടെത്താനായില്ലെന്ന് കരുനാഗപ്പള്ളി പോലീസ് വ്യക്തമാക്കി. ജയനെത്തേടി ഇടുക്കിയിലെ വീട്ടിലന്വേഷണം നടത്തിയിരുന്നു. കരുനാഗപ്പള്ളിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഷാനവാസിനെയും വാഹനം വാടകയ്ക്കെടുത്ത ജയനെയും പ്രതികളാക്കിയിട്ടില്ലെന്ന് കൊല്ലം എ.സി.പി: പ്രദീപും അറിയിച്ചു. കേസില്‍ സി.പി.എം അംഗമായിരുന്ന ഇജാസ് അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.