പാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കൈകുരുങ്ങിയ പുലി ചത്തു. കോഴിക്കൂട്ടിലെ ഇരുമ്പ് വലയില്‍ കൈകുരുങ്ങിയ പുലി ഏറെ നേരം ഈ നിലയില്‍ തുടര്‍ന്നതിനെത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുമ്പ് വല മുറിച്ചുമാറ്റി പുലിയെ പുറത്തെടുത്തു. മരണകാരണം കണ്ടെത്താന്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുപോയി. വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ എത്തി മയക്കുവെടിവെച്ച് പിടികൂടാനിരിക്കെയാണ് പുലി ചത്തത്.
മേക്കളപ്പാറയിലാണ് കോട്ടേപ്പാടം കുന്തിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടില്‍ കണ്ടത്. കൂട്ടില്‍ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകര്‍ത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തി. പുലിയുടെ വലയില്‍ കുടുങ്ങിയ കൈയ്ക്ക് കാര്യമായ പരുക്ക് പറ്റിയിട്ടുണ്ട്.
ആറു മണിക്കൂറിലധികമാണ് പുലി വലയില്‍ കുടുങ്ങിക്കിടന്നത്. കൈക്ക് പുറമേ ചുണ്ടിനും മുറിവേറ്റിറ്റുണ്ട്. ഇത് മരണകാരണമാകാന്‍ സാധ്യതയില്ലെങ്കിലും കൂടുതല്‍ സമയം ശരീരത്തിന്റെ ഭാരം വഹിച്ച് വലയില്‍ കുടുങ്ങിയതാവാം മരണകാരണമെന്നാണ് കരുതുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികളിലേക്ക് നീങ്ങും.
പ്രദേശത്ത് മുമ്പും പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.