Fiction

ഒരിക്കലും തോൽക്കാത്തവരല്ല, പഴയ വീഴ്ചകളിൽ നിന്നും പുതിയ കുതിപ്പിനുളള ഊർജം നേടുന്നവരാണ് മികച്ചവർ

വെളിച്ചം

കൊള്ളക്കാരുടെ ആക്രമണം കൊണ്ട് ജനം പൊറുതിമുട്ടി. ചതിക്കുഴികൾ ഒരുക്കിയുള്ള ഒളിആക്രമണമായിരുന്നു അവരുടെ രീതി. ആ സങ്കേതങ്ങൾ കണ്ടെത്തി കൊള്ളക്കാരെ തുരത്താനുള്ള പദ്ധതികളൊക്കെ പരാജയപ്പെട്ടു. പരാതികള്‍ ഏറെയായപ്പോള്‍ രാജാവ് തന്റെ മന്ത്രിമാരെ തന്നെ വിളിച്ച് കൊള്ളക്കാരുടെ താവളം കണ്ടെത്തി അവ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആ യജ്ഞത്തിനായി ഏറ്റവും മികച്ച കുതിരകളെ എടുക്കുവാനുള്ള അനുവാദവും നല്‍കി. അതിൽ ഒരു മന്ത്രി മാത്രം മുടന്തനായ സ്വന്തം കുതിരയെയാണ് സ്വീകരിച്ചത്. മറ്റെല്ലാവരും അയാളെ കളിയാക്കി.
“എനിക്ക് ഞാന്‍ ഉപയോഗിക്കുന്ന കുതിര തന്നെ മതി…”
അയാൾ സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മുടന്തന്‍ കുതിരയൊഴികെ മറ്റെല്ലാ കുതിരകളും പരുക്കുകളോടെ തിരിച്ചുവന്നു. അവര്‍ക്ക് കൊള്ളക്കാരുടെ താവളം കണ്ടുപിടിക്കാനായില്ലെന്നുമാത്രമല്ല, അവരുടെ കെണിയില്‍ പെട്ട് പല കഷ്ടനഷ്ടങ്ങളും നേരിടേണ്ടി വരികയും ചെയ്തു.
അവസാനം അയാളും മുടന്തന്‍ കുതിരയും തിരിച്ചെത്തി. അയാള്‍ പറഞ്ഞു:
“പ്രഭോ, ഞാന്‍ കൊള്ളക്കാരുടെ താവളം കണ്ടുപിടിക്കുകയും അത് തീയിട്ടു നശിപ്പിക്കുകയും ചെയ്തു…”
എല്ലാവര്‍ക്കും അത്ഭുതമായി. അയാള്‍ തുടര്‍ന്നു:
” ഇത്തരം ഒരു കുഴിയില്‍ വീണാണ് എന്റെ കുതിരക്ക് മുടന്ത് സംഭവിച്ചത്. അതിനുശേഷം ഇവന്‍ വളരെ ശ്രദ്ധയോടെയാണ് നടക്കുക. ചതിക്കുഴികള്‍ ഇവന് തിരിച്ചറിയാം… !”

അനുഭവങ്ങളുടെ ആഴമാണ് നേട്ടങ്ങളുടെ ഉയരം. മഴ നനയാതെയും വെയില്‍ കൊള്ളാതെയും വളരുന്നവർക്ക് പ്രതിരോധശേഷി കുറവായിരിക്കും. അബദ്ധങ്ങള്‍ പറ്റാത്തവര്‍ക്കും തെററുകള്‍ സംഭവിക്കാത്തവര്‍ക്കും സ്വയം സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാനാകില്ല. ഒരിക്കലും തോല്‍ക്കാത്തവര്‍ മികച്ചവരാണെന്ന ധാരണ തിരുത്തപ്പെടേണ്ടതാണ്.
കാരണം, ഒരിക്കല്‍പോലും അവര്‍ സാഹസികതയുടെ വഴിയിലൂടെ സഞ്ചരിച്ചവരായിരിക്കുകയില്ല. പുതിയ അനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ പുതിയ കാര്യങ്ങള്‍ ചെയ്യണം. പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായ വീഴ്ചകളുണ്ടാകാം. ആ വീഴ്ചകളാണ് പുതിയ കുതിപ്പിനുളള മുന്‍കരുതലുകളായി മാറുന്നത്. അനുഭവത്തിന്റെ കരുത്തില്‍ നമുക്ക് മുന്നോട്ട് കുതിക്കാം.

സന്തോഷ പൂർണമായ ദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

Back to top button
error: