KeralaNEWS

മൃഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ല: കെ.മുരളീധരന്‍

മുണ്ടക്കയം: മൃഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ലെന്ന് കെ.മുരളീധരന്‍ എം.പി. ഇങ്ങിനെ പോയാല്‍ കേരളത്തിലെ പല പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിഡന്റിന്റെ കസേരയില്‍ ആനയും കടുവയുമൊക്കെ ഇരിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവാസ പ്രദേശമായ ഏയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലകളെ വനഭൂമിയാക്കിയതിനെതിരെയും സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെ കേസെടുത്ത നടപടി പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട് ഏയ്ഞ്ചല്‍വാലിയില്‍ ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Signature-ad

കൃഷി ഭൂമിയില്‍ നിന്ന് ഒരു കര്‍ഷകനെയും ഇറക്കിവിടാന്‍ അനുവദിക്കില്ല. മൃഗങ്ങള്‍ക്ക് ഒന്നാം സ്ഥാനവും കര്‍ഷകര്‍ക്ക് രണ്ടാം സ്ഥാനവും നല്‍കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മൃഗങ്ങളായി ജനിച്ചാല്‍ മാത്രമാണ് ഇപ്പോള്‍ വിലയുള്ളത്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്തതിന്റെ പേരില്‍ ഒരു കര്‍ഷകനെയും ജയിലിലടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിണറായി വിജയന്‍ കണ്ണുരുട്ടിയാല്‍ ഏ.കെ.ജി സെന്ററിലെ ജീവനക്കാര്‍ ഭയപ്പെടുമായിരിക്കാം, എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പേടിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകന്‍ ഏബ്രഹാം ജോസഫ് കല്ലേക്കുളം ആന്റോ ആന്റണിയെ പാളത്തൊപ്പി അണിയിച്ചാണ് സമരം ഉദ്ഘാടനം ചെയ്തത്. മണ്ണില്‍ പൊന്ന് വിളയിച്ച കര്‍ഷകര്‍ക്ക് വേണ്ടി ജയിലില്‍ പോകാനും തയയ്യാറാണെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപാധിരഹിതമായി പട്ടയം നല്‍കിയ കര്‍ഷകരാണ് ഇപ്പോള്‍ കുടിയിറക്ക് ഭീഷണിയില്‍ കഴിയുന്നത്. കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട 70 കര്‍ഷകരും ഉപവാസസമരത്തില്‍ പങ്കാളികളായി. മോന്‍സ് ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എ. സലീം, തോമസ് കല്ലാടന്‍, സജി മഞ്ഞക്കടമ്പന്‍, പി.ജെ. വര്‍ക്കി, പി.എ. ഷമീര്‍, പ്രകാശ് പുളിക്കന്‍, റോയി കപ്പലുമാക്കല്‍, റിങ്കു ചെറിയാന്‍, മാത്യു ജോസഫ്, മറിയാമ്മ സണ്ണി, പി.ജെ. സെബാസ്റ്റ്യന്‍, ജോമോന്‍ ഐക്കര, സാമുവല്‍ കിഴക്കുപുറം, ഷംസുദീന്‍, ബിനു മറ്റക്കര, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: