Movie

ആറ് വർഷത്തിന് ശേഷം ഉർവ്വശിയുടെ തിരിച്ചു വരവ് ചിത്രമായ ‘അച്ചുവിന്റെ അമ്മ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 18 വർഷം

സിനിമ ഓർമ്മ

ഉർവ്വശിക്ക് സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച ‘അച്ചുവിന്റെ അമ്മ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 18 വർഷം. 2005 ജനുവരി 28ന് റിലീസ് ചെയ്‌ത ചിത്രം രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌തു. മൂലകഥ രാജേഷ് ജയരാമൻ (മോഹൻലാലിൻ്റെ പുതിയ ചിത്രം ‘എലോണി’ന്റെ തിരക്കഥാകൃത്ത്). മികച്ച ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ‘അച്ചുവിന്റെ അമ്മ’യ്ക്ക് ലഭിച്ചു. നിർമ്മാണം പി.വി ഗംഗാധരൻ. 65 ലക്ഷം ചിലവ് വന്ന അച്ചുവിന്റെ അമ്മ’ 2005ലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പെടും. ‘ഉദയനാണ് താരം’ എന്ന ബ്ളോക്ക് ബസ്റ്ററിന് ശേഷം വന്ന ഈ സ്ത്രീകളുടെ സിനിമ മെല്ലെ കുടുംബ പ്രേക്ഷകരെ ആകർഷിച്ചു. ആറ് വർഷത്തിന് ശേഷം ഉർവ്വശിയുടെ തിരിച്ചു വരവ് ചിത്രം കൂടിയായിരുന്നു ‘അച്ചുവിന്റെ അമ്മ.’
ഹൃദയസ്പർശിയായ അമ്മ-മകൾ ബന്ധത്തിലൂടെ വികസിക്കുന്ന കഥയാണ് ചിത്രത്തിൻ്റേത്. മകളുടെ കാമുകൻ അനാഥനാണെന്നറിയുമ്പോൾ അമ്മ എതിർത്തു. കൂടുതൽ ബന്ധുക്കളുള്ള വീട്ടിലേയ്ക്ക് മകളെ അയയ്ക്കണമെന്നാണ്, സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരു അനാഥക്കുട്ടിയെ മകളായി വളർത്തിയ ആ അമ്മയുടെ ആഗ്രഹം. ‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ’ എന്ന് പാടിയ അമ്മയാണത്.
‘ശ്വാസത്തിൻ താളം,’ ‘താമരക്കുരുവിക്ക്’ എന്നീ പാട്ടുകൾ (പുത്തഞ്ചേരി-ഇളയരാജ) ‘എന്തു പറഞ്ഞാലും വാവേ’യോടൊപ്പം ഹിറ്റായി.

Signature-ad

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: