കോട്ടയം: നാടിന്റെ തനത് രുചി മുതൽ തമിഴനാടൻ സ്വയമ്പൻ മസാലക്കൂട്ട് വരെ. തലശേരി ചിക്കൻ മുതൽ ജോർജിയൻ കച്ചാപ്പുരി വരെ … ! ഇന്ന് വരെ കോട്ടയത്തിന്റെ നാവിലെത്താത്ത കിടിലം രുചിക്കൂട്ടുകളാണ് കോട്ടയം ഭക്ഷ്യ മേളയിൽ ആവേശമാകുന്നത്. ഒപ്പം വൈകുന്നേരങ്ങളിലെ സംഗീത നിശ കൂടി എത്തുന്നതോടെ നാഗമ്പടം മൈതാനത്തിന്റെ സന്ധ്യകൾക്ക് രുചിയുടെ മാനം മുട്ടുന്ന ആഘോഷക്കാലമായ്. റൗണ്ട് ടേബിൾ 121 ന്റെ കോട്ടയം ഭക്ഷ്യമേള നാടിന് അക്ഷരാർത്ഥത്തിൽ അത്ഭുതക്കാഴ്ചയായി.
ദി ബ്രൗൺ ക്രഞ്ചിന്റെ ടർക്കിഷ് പിഡെയും ജോർജിയൻ കച്ചാപൂരിയും അടക്കമുള്ള വിഭവങ്ങളാണ് മേളയെ ആകർഷകമാക്കുന്നത്. ചെമ്മീൻ ദോശ മുതൽ വിവിധ ദോശകളുമായി അർക്കാഡിയയുടെ ദോശ സ്ട്രീറ്റ് മേളയിൽ തിരക്കേറ്റുന്നു. നാടൻ വാരിയെല്ല് വരട്ടിയത് ഒപ്പം തനി നാടൻ കേരള വിഭവങ്ങളുമായി കോട്ടയം ഗ്രാന്റും, വിവിധ തരം മോമോസിന്റെ രുചിയുമായി കഫേ ടാമെറിന്റസും നാഗമ്പടം മൈതാനത്ത് തകർപ്പൻ ആഘോഷം ഒരുക്കുന്നു. അറബിക് രുചിയെന്നാൽ ബാർബി ക്യുവും അൽഫാമും കുബൂസും രുചിച്ചിരുന്നവർക്ക് മധുരം നൽകുകയാണ് ഷുഗർ ഷാക്ക്. കുനാഫയും ബക് ലാവയും അടക്കമുള്ള അറബിക് സ്വീറ്റ്സാണ് ഷുഗർ ഷാക്ക് ഭക്ഷ്യ മേളയുടെ തീൻ മേശയിൽ വിളമ്പുന്നത്. പൊട്ടിത്തെറിച്ചതും ചീറിപ്പാഞ്ഞതും ചുരുട്ടിക്കുട്ടിയതുമായ ചിക്കനും മറ്റ് രുചിക്കുട്ടുകളുമായി ആദാമിന്റെ ചായക്കടയും പലതരം കബാബും ബാർബി ക്യുവും ഒപ്പം ആമ്പൂർ ബിരിയാണിയുമായി ബാർബി ക്യു മേളയെ ജനകീയമാക്കുന്നു.
വിവിധ തരം കോൺ ഡോഗുകളുമായി കോപ്പർ ഡോഗാണ് മേളയിലെ മറ്റൊരു രുചി വിഭവം. കാന്താരിയുടെ സ്റ്റാളിൽ പാൽക്കപ്പ ഫിഷ്കറിയും ഫിഷ് കോക്കോയും ഫ്യൂഷൻ ഡിഷ് ആയ കുട്ടനാടൻ ചോപ്സിയും തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇനി ബിരിയാണിയാണ് വേണ്ടതെങ്കിൽ ബാഹുബലി ഹൈദരാബാദി ബിരിയാണിയും മൂന്ന് മണിക്കൂറൂർ ദം ഇട്ട സ്ളൈസ് ഓഫ് സ്പൈസിന്റെ കൈ ദി ബിരിയാണിയും ദിണ്ഡിഗൽ തലപ്പാക്കട്ടി ബിരിയാണിയും മേളയിൽ രുചി ആഘോഷം തീർക്കുന്നു. തലശേരി വിഭവങ്ങളുമായി സലിം ഹസനും അനുസ് കിച്ചണിലെ നാടൻ വിഭവങ്ങളും ബൻ പൊറോട്ട, കുത്ത് പൊറോട്ട, നൂൽ പൊറോട്ട എന്നിവയ്ക്കൊപ്പം പല വിധ കോംമ്പോയും പത്തിരികളുമായി റിയൽ പത്തിരിയും ഭക്ഷ്യ മേള രുചി മേള മാക്കുന്നു. പൂരി ഷോട്ടും, നാച്ചോസ് കൊണ്ടുള്ള വിഭവങ്ങളും മെക്സിക്കൻ അറബിക് അമേരിക്കൻ രുചിയുമായി ദി പൊ ബോയ് ഗ്രില്ലും മേളയിലുണ്ട്.
നാഗമ്പടം മൈതാനത്ത് നടക്കുന്ന മേളയിൽ വൈകിട്ട് നാലര മുതൽ രാത്രി പത്തു വരെയാണ് പ്രവേശനം. ടിക്കറ്റുകൾ ഓൺലൈൻ ആപ്പ് ആയ ജൊ ബോയ് ആപ്പ് വഴിയും നാഗമ്പടം മൈതാനത്ത് തയ്യാറാക്കിയ കൗണ്ടർ വഴിയും വാങ്ങാവുന്നതാണ്. മേളയിലേയ്ക്ക് എത്തുന്ന വാഹനങ്ങൾക്ക് കുര്യൻ ഉതുപ്പ് റോഡിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പാർക്കിങ്ങിനായി വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. തിരക്ക് പരിഗണിച്ച് നാഗമ്പടം ബസ് സ്റ്റാൻഡിന് മുന്നിലും കുര്യൻ ഉതുപ്പ് റോഡിലും രണ്ട് കൗണ്ടറുകളാണ് പാസിനായി ക്രമീകരിച്ചിരിക്കുന്നത്. സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസിന്റെ ചെറുകിട വ്യവസായികൾക്കുള്ള 20ൽ പരം സ്റ്റോളുകളും പ്രീമിയം കാറായ ബിഎംഡബ്യു അടക്കമുള്ള കാറുകളുടെ പ്രദർശനവും മേളയിലുണ്ട്. ഭക്ഷ്യ മേളയിൽ ഇന്ന് വൈകിട്ട് 6.30ന് ബരേചൗത്തിന്റെ സംഗീത നിശ ഉണ്ടായിരിക്കും.