ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ സഹോദരനെയും വിദ്യാര്‍ത്ഥികളെയും അരിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. അധ്യാപകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റത്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. വെട്ടിയയാളും വെട്ടേറ്റയാളും സഹോദരങ്ങളാണെന്നും ഇരുവര്‍ക്കും ഇടയില്‍ നിലനിന്ന സ്വത്തുതര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അരയാളൂര്‍ ജില്ലയിലെ ഉദയര്‍പാളയം സ്വദേശിയായ നടരാജന്‍ (42) വില്ലുപുരത്തിന് സമീപം കൊളിയാനൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. ഉച്ചഭക്ഷണ സമയത്ത് സ്‌കൂളില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ അവിടെ ഒളിച്ചുനിന്ന സഹോദരന്‍ സ്റ്റാലിന്‍ (52) അരിവാളുമായി ചാടിവീഴുകയായിരുന്നു.
ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ നടരാജന്‍ സ്‌കൂളിനുള്ളിലേക്ക് കയറി. ഇതുകണ്ട വിദ്യാര്‍ത്ഥികള്‍ അക്രമിയെ തടയാനും നടരാജനെ രക്ഷിക്കാനും ശ്രമിച്ചു. എന്നാല്‍, സ്റ്റാലിന്‍ അവര്‍ക്ക് നേരെ അരിവാള്‍ വീശി. ഇതില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. അക്രമത്തിനൊടുവില്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റാലിനെ കീഴടക്കിയെന്നും പോലീസ് പറഞ്ഞു.
പരുക്കേറ്റ നടരാജനെയും വിദ്യാര്‍ത്ഥികളെയും വില്ലുപുരത്തെ ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ഷകനായ സ്റ്റാലിന്‍ തന്റെ വരുമാനത്തില്‍നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ചാണ് നടരാജനെ പഠിപ്പിച്ചത്. എന്നാല്‍, അധ്യാപകനായി ജോലി ലഭിച്ചശേഷം നടരാജന്‍, സ്റ്റാലിന് ചെലവിനായി പണം നല്‍കിയിരുന്നില്ല. ഒരാഴ്ച മുന്‍പ് പിതാവ് പനീര്‍ശെല്‍വം മരിച്ചതോടെ മക്കള്‍ക്കിടയില്‍ സ്വത്ത് വീതംവയ്പ്പിനെ ചൊല്ലി തര്‍ക്കമുണ്ടായി. സ്വത്ത് തുല്യമായി പങ്കുവെക്കണമെന്ന നടരാജന്റെ ആവശ്യമാണ് സ്റ്റാലിനെ പ്രകോപിപ്പിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.